പാലക്കാട്: വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വികസനം തന്നെയാണ് വിഷയമെന്നും കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി നഷ്ടമായതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പാലക്കാട്ടെ ജനതയെ വഞ്ചിച്ചെന്നും എം.പിയും നിയുക്ത യു.ഡി.എഫ് സ്ഥാനാർഥിയുമായ വി.കെ. ശ്രീകണ്ഠൻ. കോച്ച് ഫാക്ടറിക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. അത് കേരളത്തിന്റെ ആവശ്യമായി അജണ്ടയില്‍ ഉള്‍പ്പെടുത്താനോ കേന്ദ്രത്തോട് ആവശ്യപ്പെടാനോ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകയായിരുന്നു കേന്ദ്രം. സംസ്ഥാന സര്‍ക്കാർ കേന്ദ്രത്തോടൊപ്പം നില്‍ക്കുകയും ചെയ്തു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്ഥലം കണ്ടെത്തി റെയില്‍വെക്ക് കൈമാറിയിരുന്നു. കോച്ച് ഫാക്ടറിക്കായി ലോക്സഭയില്‍ 14 തവണ ഇടപെട്ടതിന് രേഖകൾ സാക്ഷ്യം. ബജറ്റില്‍ കോച്ച് ഫാക്ടറിക്കായി ടോക്കണ്‍ തുക നീക്കിവെച്ചതുപോലും മറന്നാണ് ബി.ജെ.പിയും എൽ.ഡി.എഫും രംഗത്തിറങ്ങിയിരിക്കുന്നതെന്നും വി.കെ. ശ്രീകണ്ഠന് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാലക്കാട്: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ലാത്ത 40 സ്ഥലങ്ങളില്‍ കണക്ടിവിറ്റിയെത്തിക്കാൻ നടപടി സ്വീകരിച്ചതായി വി.കെ. ശ്രീകണ്ഠന് എം.പി പറഞ്ഞു. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ലാത്ത 19 ഊരുകള്‍ അട്ടപ്പാടിയിലാണ്. ഇവിടെ ടവര്‍ നിമാണം ആരംഭിച്ചെന്നും എംപി പറഞ്ഞു. ഒലവക്കോട് മേഖലയിലെ പുലി പ്രശ്നം പരിഹരിക്കാൻ കാടുപിടിച്ച റെയില്‍വെ ഭൂമിയിലെ അടിക്കാട് വെട്ടാന്‍ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി വ്യക്തമാക്കി.
തൃത്താല: പൊന്നാനി പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ.എസ്. ഹംസ തൃത്താല മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. പൊന്നാനി പിടിച്ചെടുക്കുമെന്നും മണ്ഡലത്തിൽ എല്‍.ഡി.എഫിന് അനുകൂല സാഹചര്യമാണെന്നും കെ.എസ്. ഹംസ പറഞ്ഞു. മുസ്ലിം ലീഗിലെ നിരവധി പേരുടെ പിന്തുണ തനിക്കുണ്ടെന്നും പൊന്നാനിയിൽ സ്ഥിര സാന്നിധ്യമായിരുന്നതിനാൽ ആ ബന്ധങ്ങൾ ഉപയോഗപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയാണ് കെ.എസ്. ഹംസ എന്നത് തന്നെയാണ് ലീഗ് കോട്ടയിലെ ഇടത് തുറുപ്പുചീട്ട്. എന്നാൽ സിറ്റിങ് എം.പിയായ ഇ.ടി. മുഹമ്മദ് ബഷീർ പൊന്നാനിയിൽ മത്സരിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിയാണ് ഹംസ എല്‍.ഡി.എഫ് സ്ഥാനാർഥിയായത്. അബ്ദുൽ സമദ് സമദാനിയാണ് യു.ഡി.എഫ് സ്ഥാനാർഥി.
പാലക്കാട്: രാജ്യം കാത്തുസൂക്ഷിച്ച മൂല്യങ്ങൾ നിലനിർത്താൻ കൂടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പെന്ന് ഇടതു സ്ഥാനാർഥി എ. വിജയരാഘവൻ. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാറിനെ കുറ്റവിമുക്തമാക്കാനുള്ള നീക്കം ജനങ്ങളെ അണിനിരത്തി ചെറുക്കും. സാമൂഹ്യസുരക്ഷാ പെൻഷനടക്കം ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേത്. എന്തു പ്രയാസമുണ്ടായാലും എൽ.ഡി.എഫ് സർക്കാർ പെൻഷൻ മുടക്കില്ല. കർഷകവിരുദ്ധ നിലപാടുകൾ ഇത്രയേറെ നടപ്പാക്കിയ കേന്ദ്രസർക്കാർ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കർഷകപ്രക്ഷോഭം നടന്നത് മോദി ഭരണകാലത്താണ്. കോർപറേറ്റുകളോട് മാത്രമാണ് ഇവർക്ക് താൽപര്യം. ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ചർച്ചകൾ നടന്നിരുന്ന പാർലമെന്ററി സംവിധാനം തന്നെ ഇല്ലാതാകുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ന്യൂനപക്ഷങ്ങളെ പൊതുധാരയിൽനിന്ന് അകറ്റാൻ നിയമനിർമാണങ്ങൾ പോലും നടക്കുന്നു. കേരളീയ മാതൃകയുടെ വിപുലീകരണമാണ് ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങൾക്കുള്ള മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്: ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവന് പാലക്കാട്ട് ആവേശോജ്ജ്വല വരവേൽപ്. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ബുധനാഴ്ച വൈകീട്ട് 3.15ഓടെയാണ് സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ അദ്ദേഹം എത്തിയത്. ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവും ഏരിയ സെക്രട്ടറി കെ. കൃഷ്ണൻകുട്ടിയും ചേർന്ന് സ്വീകരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ. കൃഷ്ണദാസ്, സി.കെ. രാജേന്ദ്രൻ, കെ.എസ്. സലീഖ എന്നിവരും ഒപ്പമുണ്ടായി. സി.പി.ഐ ജില് കമ്മിറ്റി ഓഫിസിൽ എൽ.ഡി.എഫ് ജില്ല കൺവീനർ വി. ചാമുണ്ണിയും ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജും ചേർന്ന് സ്വീകരിച്ചു. തുടർന്ന് കണ്ണാടിയിൽ കെ.എസ്.കെ.ടിയു സംഘടിപ്പിച്ച ‘പാവങ്ങളുടെ പടയണി’യിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.