ആലത്തൂർ: പോത്തുണ്ടി ഡാമിൽനിന്ന് ആറ് പഞ്ചായത്തുകളിലേക്കുകൂടി കുടിവെള്ളമെത്തിക്കുന്നതിന് നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുന്നു. എലവഞ്ചേരി, പല്ലശ്ശേന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് എന്നിങ്ങനെ ആറ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. എല്ലാ പഞ്ചായത്തുകളിലേയും പൈപ്പ് സ്ഥാപിക്കുന്ന പണികൾ അവസാന ഘട്ടത്തിലാണ്. പൊതുമരാമത്ത് വകുപ്പ് റോഡ് പൊളിക്കുന്ന കാര്യത്തിൽ ചിലയിടത്ത് അനുമതി ആയിട്ടില്ലാത്തത് പദ്ധതി വൈകാൻ കാരണമാകുന്നു. എലവഞ്ചേരി, പല്ലശ്ശേന പഞ്ചായത്തുകളിലേക്കുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടം തടസ്സപ്പെട്ടിരുന്നത്. അത് ഏതാണ്ട് പരിഹരിച്ചു.
റോഡ് വശത്ത് ചാലെടുക്കണമെങ്കിൽ പാതകൾ നിർമാണത്തിന് ശേഷം ഒരു വർഷം കഴിയണമെന്ന പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയ വ്യവസ്ഥയാണ് പദ്ധതിക്ക് പലയിടത്തും തടസ്സമായത്. ഇവ നീങ്ങി തുടങ്ങിയെന്നാണ് അറിയുന്നത്. പരമാവധി 2024 മാർച്ചിൽ കമീഷൻ ചെയ്യാൻ കഴിയുമെന്നാണ് ജല അതോറിറ്റി പ്രതീക്ഷിക്കുന്നത്.
2023 മാർച്ചിൽ കമീഷൻ ചെയ്യാൻ കഴിയുമെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞത്. പിന്നെയാണ് റോഡ് പൊളിക്കുന്ന കാര്യത്തിൽ പൊതുമരാമത്ത് വിഭാഗത്തിന്റെ വ്യവസ്ഥ തടസ്സമായത്. നെന്മാറ, അയിലൂർ, മേലാർക്കോട് പഞ്ചായത്തുകളിലേക്ക് നിലവിൽ നടപ്പാക്കിയിട്ടുള്ള പദ്ധതിക്ക് പുറമെ എലവഞ്ചേരി, പല്ലശ്ശേന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്ക് കൂടി നടപ്പാക്കുന്നത്. 180 കോടിയുടെതാണ് പോത്തുണ്ടി ഡാം കുടിവെള്ള പദ്ധതി.
റോഡ് പൊളിക്കുമ്പോൾ പൊതുമരാമത്ത് വകുപ്പിനും മറ്റും നൽകേണ്ട തുക 94 കോടി കൂടി ഉൾപ്പെടുത്തി 274 കോടിയാണ് ചെലവ് കണക്കാക്കിയത്. ഹൈദരാബാദിലെ കമ്പനിയാണ് കരാർ എടുത്തത്. ഡാമിന് മുൻ ഭാഗത്ത് 17.58 കോടി ചെലവിൽ 26 ദശലക്ഷം ലിറ്റർ ജല ശുദ്ധികരണശാലയുടെ നിർമാണം പൂർത്തിയായി. എലവഞ്ചേരി പഞ്ചായത്തിലേക്കുള്ള 10 ലക്ഷം ലിറ്റർ ജലസംഭരണി വെങ്കായ പാറയിലും, പല്ലശ്ശേന, എരിമയൂർ പഞ്ചായത്തുകളിലേക്കുള്ള 33 ലക്ഷം ലിറ്റർ സംഭരണി പല്ലാവൂരിലെ കരോട്ട് വാമലയിലും ആലത്തൂർ, കാവശ്ശേരി, പുതുക്കോട്, എന്നീ പഞ്ചായത്തുകളിലേക്കുള്ള 40 ലക്ഷം ലിറ്റർ സംഭരണി ആലത്തൂർ വെങ്ങന്നൂർ നെരങ്ങാംപാറ കുന്നിന് മുകളിലുമാണ് നിർമിക്കുന്നത്. തരൂർ പഞ്ചായത്തിനെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. ഇപ്പോൾ ഉൾപ്പെടുത്തിയിട്ടില്ല. തരൂർ പഞ്ചായത്തിനെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയാലും നെരങ്ങാംപാറയിലെ സംഭരണി മതിയാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.