പാലക്കാട്: തടവുകാർക്ക് കൃഷിയറിവ് പകർന്ന് എട്ടേക്കർ തരിശുഭൂമി പച്ചയണിയിച്ച് ജയിലെന്ന സങ്കൽപത്തെ തിരുത്തിയെഴുതുകയാണ് മലമ്പുഴ ജില്ല ജയിൽ. 60 വര്‍ഷമായി പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയില്‍ മലമ്പുഴയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2019 ജൂലൈയിലാണ്. രണ്ടുവര്‍ഷത്തെ സേവനത്തിനു ശേഷം വിയ്യൂര്‍ ജയിലിലേക്ക്് കഴിഞ്ഞ ദിവസം സ്ഥലംമാറിപ്പോയ ജയില്‍ സൂപ്രണ്ട് കെ. അനില്‍കുമാറിെൻറ നേതൃത്വത്തില്‍ ജയില്‍ ഉദ്യോഗസ്ഥരും 220ഓളം തടവുകാരും കൃഷി വകുപ്പിെൻറ സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജയില്‍ വളപ്പിനെ ജില്ലയിലെ മാതൃക കൃഷിത്തോട്ടമാക്കി. ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കിയും കുളം കുഴിച്ചും പരുവപ്പെടുത്തിയ ഭൂമിയില്‍ ശാസ്ത്രീയമായാണ് കൃഷി ആരംഭിച്ചത്. പൂര്‍ണമായും ജൈവകൃഷിയാണ് തുടരുന്നത്.
മുല്ലപ്പൂ മുതൽ ക്ഷിപ്രവനം വരെ
നൂറോളം ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടുന്ന ക്ഷിപ്രവനം, കാസർകോട് സി.പി.സി.ആര്.ഐ വഴി ലഭ്യമാക്കിയ 100 തെങ്ങിന്‍തൈകള്‍ ഉള്‍പ്പെട്ട കേര ഉദ്യാനം, ശലഭോദ്യാനം, 27 ജന്മനക്ഷത്ര വൃക്ഷങ്ങള്‍ ഉള്‍പ്പെട്ട നക്ഷത്രവനം, 10 ഇനം പേരത്തൈകളുള്ള മാര്‍കേസിെൻറ പേരിലുള്ള പേരത്തോട്ടം, ജയില്‍ ഗേറ്റിന് പുറത്തുള്ള കനാല്‍ പാതയോരത്ത് നൂറോളം പനകള്‍, വിവിധ തരത്തിലുള്ള ആല്മരങ്ങള് എന്നിവയുണ്ട് ഇവിടെ. ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്ന 'കിലു കിലുക്കി' ചെടി ഇവിടത്തെ പ്രത്യേകതയാണ്. റെഡ് ലേഡി പപ്പായ, വാഴ, കപ്പ കൃഷികള്‍ ഓരോ സീസണിലും നടത്തുന്നു. മൂന്നര ടണ്‍ കപ്പയാണ് വളപ്പില്‍നിന്ന് ഒരുവര്‍ഷത്തിനിടെ വിളവെടുത്തത്. ചെണ്ടുമല്ലി, വാടാമല്ലി, മുല്ല തുടങ്ങിയവ ഉള്‍പ്പെടുന്ന പുഷ്പ കൃഷിയില്‍നിന്ന് ആഴ്ചയില്‍ 15 കിലോയോളം പൂക്കള്‍ വില്‍ക്കുന്നുണ്ട്.
ഒരു ഥാര്‍പാര്‍ക്കര്‍ പശുവും മൂന്നു വില്യാദ്രികളും ഉള്‍പ്പെടുന്ന ക്ഷീരപഥം ഗോശാല ജയിലിലെ തൈര്, പാലുൽപാദനം ലക്ഷ്യമിട്ട് ആരംഭിച്ചതാണ്. പശുക്കള്‍ക്ക് വേണ്ട തീറ്റപ്പുല്ലും വളപ്പില്‍തന്നെ കൃഷി ചെയ്യുന്നുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഇവിടത്തെ അന്തേവാസികള്‍ തന്നെയാണ് നിലമൊരുക്കുന്നത് മുതല്‍ വിളവെടുപ്പ് വരെയുള്ള ജോലികള്‍ ചെയ്യുന്നത്. പശുവിെൻറ പരിപാലനവും പച്ചക്കറികളുടെ നടീലും നനയും എല്ലാം ഇവരുടെ ദിനചര്യയുടെ ഭാഗമാണ്.
പുരസ്കാരത്തിളക്കം
കരനെൽ കൃഷി, റാഗി, നിലക്കടല, ചോളം തുടങ്ങിയവയും മധുരക്കിഴങ്ങ്, കൂര്‍ക്ക, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും കോളിഫ്ലവര്‍, കാബേജ്, ബീറ്റ്റൂട്ട്, കാരറ്റ്, മുള്ളങ്കി തുടങ്ങിയ ശീതകാല പച്ചക്കറികള്‍ ഉള്‍പ്പെടെ അമ്പതിലധികം കാര്‍ഷികവിളകള്‍ ഇവിടെയുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം മൂന്നര ലക്ഷത്തോളം രൂപയുടെ പച്ചക്കറി വിളവെടുത്തു.
ഡ്രാഗണ്‍ ഫ്രൂട്ട്, പാഷന് ഫ്രൂട്ട്, കൂണ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഹരിത കേരളം മിഷെൻറ പച്ചത്തുരുത്ത് പുരസ്കാരം, 100 ശതമാനം മാര്‍ക്ക് നേടി ഹരിത ഓഫിസ് പുരസ്കാരം എന്നിവ ജയിലിന് ലഭിച്ചിട്ടുണ്ട്. കോവിഡ് ആദ്യഘട്ടം മുതല്‍ മാസ്ക്, ഫേസ് ഫീല്‍ഡ്, സാനിറ്റൈസര്‍ നിര്‍മാണവും ജയിലില്‍ നടക്കുന്നുണ്ട്. കൃഷി വകുപ്പ്, കേരള കര്‍ഷക സംഘം, കേരള ജൈവസംരക്ഷണ സമിതി, വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.