സംഭരിച്ച നെല്ലിന് പണവും പി.ആർ.എസുമില്ല, നട്ടം തിരിഞ്ഞ് കർഷകർ

പാലക്കാട്: രണ്ടാം വിളയിൽ കൊയ്തെടുത്ത നെല്ലിന്‍റെ പണം ലഭിക്കാത്തതിനാൽ ഈ സീസണിലെ ഒന്നാം വിളക്കുള്ള ഒരുക്കം തുടങ്ങാനാകാതെ കർഷകർ. ജില്ലയിൽ നെല്ലുസംഭരണവും പണം അനുവദിക്കുന്നതും ഒച്ചുവേഗത്തിലാണ് നടക്കുന്നത്.

സംഭരിച്ച നെല്ലിന്‍റെ പണം കർഷകർക്ക് ലഭിക്കുന്നതിന് കാലതാമസം വന്നതോടെയാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സർക്കാർ പി.ആർ.എസ് വായ്പ പദ്ധതി നടപ്പാക്കിയത്. എന്നാൽ, സപ്ലൈകോ നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പി.ആർ.എസും നൽകുന്നില്ല. സാങ്കേതികപ്രശ്നങ്ങൾ ഉണ്ടാക്കി പി.ആർ.എസ് നൽകുന്നത് നീട്ടുന്നത് മില്ല് ഏജന്‍റുമാർക്ക് കൃത്രിമം നടത്താനെന്ന് ആക്ഷേപമുണ്ട്. പി.ആർ.എസ് വായ്പപദ്ധതി അട്ടിമറിക്കാൻ സപ്ലൈകോ-കൃഷിവകുപ്പിന്‍റെ സംയുക്ത നീക്കമെന്ന് കർഷകർ പരാതിപ്പെട്ടു.

വിഷു കഴിഞ്ഞതോടെ ജില്ലയിലെ കർഷകർ ഒന്നാം വിളയിറക്കാനുള്ള മുന്നൊരുക്കം ആരംഭിച്ചു. ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്ന ജോലി പലയിടത്തും തുടങ്ങി. ചാണകം, ചാരം, മണ്ണിന്‍റെ സ്വഭാവത്തിനനുസരിച്ച് കുമ്മായം എന്നിവ വിതറുന്ന പ്രവൃത്തികളും ഉടൻ ആരംഭിക്കണം. ഇതിനെല്ലാം പണം അത്യാവശ്യമാണ്. എന്നാൽ, പണം ലഭിക്കാനുള്ള കാലതാമസം കർഷകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടുകയാണ്.

സപ്ലൈകോ-കൃഷി വകുപ്പുകളുടെ പ്രവർത്തനത്തിൽ ഏകോപനമില്ലായ്മയും മില്ലുടമകളുടെ ഏജന്‍റുമാരിൽ ജീവനക്കാർക്ക് നിയന്ത്രണമില്ലാത്തതുമാണ് സംഭരണം അവതാളത്തിലാക്കിയത്. വാഹനം ലഭ്യമല്ലെന്ന് പറഞ്ഞ് മില്ലുടമകളുടെ ഏജന്‍റുമാർ കർഷകരിൽനിന്ന് ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്നതായി പരാതിയുണ്ട്.

കൊയ്തെടുത്ത നെല്ല് മില്ലുകളിൽ എത്തിക്കേണ്ടത് മില്ലുടമകളുടെ ഉത്തരവാദിത്തമാണ്. പണം ലഭിക്കാൻ മന്ത്രിതലത്തിൽ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

Tags:    
News Summary - Procured paddy has no money and no PRS, farmers turn to paddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.