പറമ്പിക്കുളം: പറമ്പിക്കുളത്തെ ഗർഭിണികൾക്ക് പരിശോധന വേഗത്തിലാക്കാത്തതിനെതിരെ പ്രതിഷേധം. തേക്കടി, കുരിയാർകുറ്റി, 30 ഏക്കർ, അല്ലി മൂപ്പൻ എന്നീ കോളനികളിൽനിന്ന് ജില്ല ആശുപത്രിയിലെത്തിയ ആദിവാസി യുവതികൾക്ക് പരിശോധന വൈകിയതാണ് പ്രതിഷേധകാരണമായത്.
നന്ദിനി സനോജ് കുരിയാർകുറ്റി കോളനി, ശിവകാമി ശെൽവരാജ്, അല്ലി മൂപ്പൻ കോളനി, പാർവതി രാമു മുപ്പത് ഏക്കർ കോളനി, ശാലിനി ശെൽവൻ അല്ലിമൂപ്പൻ കോളനി എന്നീ ഗർഭിണികളാണ് വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് ജില്ല ആശുപത്രിയിൽ എത്തിയിട്ടും സ്കാനിങ് പരിശോധന വൈകിയതിനാൽ കോളനിയിലെത്താൻ രാത്രി ഒമ്പത് മണിയായി.
ഗർഭിണികൾക്കുള്ള സ്കാനിങ് ഉച്ചക്ക് ശേഷം മൂന്നിന് നടത്തുന്നതാണ് ഇവർക്ക് ദുരിതമായത്. 100 കിലോമീറ്ററിലധികം സഞ്ചരിച്ച് പാലക്കാട് എത്തി തിരിച്ചുപോകുന്നത് വൈകിയാൽ കാട്ടാനകളുടെ ശല്യമുണ്ടാകുമെന്ന് ആദിവാസികൾ ആശുപത്രി അധികൃതരോട് പറഞ്ഞെങ്കിലും വൈകീട്ട് മൂന്നിന് ടോക്കൺ നൽകുന്നരീതിയിൽ മാത്രമേ ഗർഭിണികളെ പരിശോധിക്കാനാവൂ എന്ന മറുപടിയാണ് ആശുപതി അധികൃതർ നൽകിയതെന്ന് തേക്കടി കോളനിവാസികൾ പറഞ്ഞു. ദീർഘനേരം കാത്തിരുന്നാണ് നാലു ഗർഭിണികൾക്ക് പരിശോധന പൂർത്തിയായത്.
ആംബുലൻസിൽ മടക്കയാത്രയിൽ വൈകീട്ട് ആറ് കഴിഞ്ഞതിനാൽ തമിഴ്നാട് വനംവകുപ്പ് തടഞ്ഞുവെച്ചു. ഡ്രൈവർ ഗോപിയുടെ പരിചയത്തിലുള്ള വനം ഉദ്യോഗസ്ഥൻ എത്തിയാണ് ഗർഭിണികൾ പോയ ആംബുലൻസിനെ കടത്തിവിട്ടത്. ആംബുലൻസ് രാത്രി വൈകി പറമ്പിക്കുളത്ത് എത്തിയതിനാൽ മടക്കയാത്ര വന്യമൃഗങ്ങൾമൂലം ദുഷ്കരമാകുമെന്നതിനാൽ ഡ്രൈവർക്ക് പറമ്പിക്കുളത്തുതന്നെ രാത്രി കഴിയാൻ ആദിവാസികൾ സൗകര്യമൊരുക്കി.
ഗർഭിണികളായ ആദിവാസികൾക്ക് ജില്ല ആശുപത്രിയിൽ നേരത്തെ പരിശോധനകൾ നടത്തി ഇരുട്ടുന്നതിനുമുമ്പ് പറസിക്കുളെത്തത്താൻ കലക്ടർ ഇടപെടണമെന്നാണ് ആദിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.