കൊല്ലങ്കോട്: മണൽ സംസ്കരണത്തിന് മീങ്കര ഡാമിൽനിന്ന് വെള്ളം അനുവദിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. 50 കോടി രൂപയിൽ മൂന്നു വർഷത്തികം പൂർത്തീകരിക്കുന്ന കേരള സ്റ്റേറ്റ് മിനറൽ ഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിന്റെ (കെംഡൽ) നേതൃത്വത്തിലുള്ള പ്രവൃത്തികൾക്കാണ് മീങ്കര ഡാമിലെ വെള്ളം ഉപയോഗിക്കുന്നത്. ഡാമിൽ അടിഞ്ഞുകൂടിയ ചെളി അത്യാധുനിക യന്ത്രസംവിധാനത്തോടെ നീക്കംചെയ്യുന്ന പണികൾ നാല് മാസമായി തുടരുകയാണ്.
ഡാം പ്രധാന കവാടത്തിന്റെ വലതുവശത്ത് സ്ഥാപിച്ച പ്ലാൻറിലെത്തിച്ച ചെളി വേർതിരിക്കുന്നതിനാണ് മീങ്കര ഡാമിലെ വെള്ളം ഉപയോഗിക്കാൻ ഇറിഗേഷൻ വകുപ്പിനോട് കരാറുകാർ അനുവാദം ചോദിച്ചത്. എന്നാൽ, നാല് പഞ്ചായത്തുകൾക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന മീങ്കര ഡാമിൽ നിന്നും വെള്ളം കൊടുക്കരുതെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
വിദേശ നിർമിത യന്ത്രങ്ങൾ ഉപയോഗിച്ചാണ് ചെളി നീക്കം ചെയ്ത് എക്കൽ മണ്ണ്, ചെളി, മണൽ എന്നിവ വേർതിരിച്ച് നീക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്കായി 12 ലക്ഷം ക്യുബിക് ചെളിയാണ് മാറ്റേണ്ടത്. ഡാമിനകത്ത് ഇതിനായി അത്യാധുനിക യന്ത്രം ഇറക്കി ചെളി വലിച്ചെടുത്ത് പൈപ്പ് മാർഗം വാഹനത്തിലും പ്രത്യേക യാർഡിലും എത്തിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.
എട്ട് കോടിയോളം രൂപയുടെ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ചെളി നീക്കലിന് സ്വകാര്യകമ്പനിക്കാണ് കെംഡൽ കരാർ നൽകിയത്. വെള്ളം ശുചീകരിച്ച് ഉപയോഗിക്കുന്നതിനാൽ ചെളി നീക്കം കുടിവെള്ള വിതരണത്തെയോ ശുദ്ധജലത്തിന്റെ ഗുണനിലവാരത്തേയോ പ്രതികൂലമായി ബാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
ചെളി വലിച്ചെടുത്ത് പൈപ്പ് ലൈനുകളിലൂടെ വാഹനങ്ങളിലും ശേഖരിച്ച് പ്ലാൻറിലെത്തിക്കുന്ന ന്യൂമാറ്റിക്സക്ഷൻ സാങ്കേതികവിദ്യ ഇന്ത്യയിൽ ആദ്യമായി ഉപയോഗിക്കുന്നത് മീങ്കര ഡാമിലാണെന്ന് അധികൃതർ പറഞ്ഞു. എക്കൽ മണ്ണ് കഴുകി ഘടകങ്ങളായ പെബിൾ, ചരൽ, മണൽ നല്ലത്, ഇടത്തരം, പരുക്കൻ എന്നിങ്ങനെ വേർതിരിക്കുകയാണ് ചെയ്യുക.
കളിമണ്ണ്, ചെളി, മറ്റ് അവശിഷ്ടങ്ങൾ എന്നിവ വേർതിരിച്ച് ആവശ്യക്കാർക്ക് സർക്കാർ നിശ്ചയിക്കുന്ന വിലയിൽ വിൽപനയും നടത്താനാണ് തീരുമാനം. നിലവിൽ കുഴൽ കിണറിലെ വെള്ളമാണ് ശുചീകരണത്തിന് ഉപയോഗിക്കുന്നത്. കൂടുതൽ പ്രവർത്തനങ്ങൾക്കായാണ് ഡാമിലെ വെള്ളം ആവശ്യപ്പെടുന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 30.8 അടിയാണ്. പരമാവധി സംഭരണ ശേഷി 39 അടിയാണ്. 18 അടിയിലെത്തിയാൽ കുടിവെള്ളത്തിന് ചെളിയുടെ ദുർഗന്ധം ഉണ്ടാവാറുള്ളതിനാൽ ഡാമിലെ ജലം അനുവദിക്കരുതെന്ന് നാടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.