പാലക്കാട്: കാലവർഷം ശക്തമായതോടെ കെ.എസ്.ഇ.ബി വിതരണ വിഭാഗം സെക്ഷൻ ഓഫിസുകളിൽ പരാതിപ്രളയം. മരങ്ങൾ വീണ് വൈദ്യുതിക്കാലുകളും കമ്പികളും പൊട്ടിയ പരാതികളാണേറെയും. ജീവനക്കാരുടെ കുറവിനാൽ ജോലി തീർക്കാനാകാതെ വലയുകയാണ് ഓഫിസുകൾ. സെക്ഷൻ ഓഫിസുകളെ നയിക്കേണ്ട ഓവർസിയർമാർ ആറുപേർ വേണ്ട ഇടത്ത് പല സെക്ഷനുകളിലും രണ്ടോ മൂന്നോ പേർ മാത്രമേയുള്ളൂ. ജോലിഭാരം കാരണം പലരും സെക്ഷൻ ഓഫിസുകളിൽനിന്ന് സബ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോവുകയാണ്. പൊതു സ്ഥലംമാറ്റത്തിൽ സെക്ഷൻ ഓഫിസുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുന്നതിൽ കെ.എസ്.ഇ.ബി മാനേജ്മെന്റും ഈ ആവശ്യമുയർത്തുന്നതിൽ യൂനിയനുകളും മടിക്കുകയാണെന്നാണ് ആക്ഷേപം. സബ് എൻജിനീയർ, ലൈൻമാൻ, ഇലക്ട്രിസിറ്റി വർക്കർ തുടങ്ങിയ തസ്തികകളിലും ആൾക്ഷാമം രൂക്ഷമാണ്.
ഒഴിവുള്ള സ്ഥലങ്ങളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കാമെങ്കിലും ദിവസക്കൂലി വർക്കർക്ക് 675 രൂപയും ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് 755 രൂപയും മാത്രമേ നൽകുന്നുള്ളൂ. ഫീൽഡിലും ഫോൺ ഡ്യൂട്ടിയിലും 12 മണിക്കൂർ ജോലി ചെയ്യാൻ ഈ വേതനം തുച്ഛമായതിനാൽ പലരും വരാൻ മടിക്കുകയാണ്. ജോലിസമയവും അപകടസാധ്യതയുമെല്ലാം സ്ഥിരം ജീവനക്കാരുടേതിന് സമാനമാണ് താനും. കൂലിയല്ലാതെ മറ്റൊരാനുകൂല്യവും ഇവർക്കില്ല. അപകടം പറ്റിയാലോ മരിച്ചാലോ പരമാവധി അഞ്ച് ലക്ഷം രൂപ കിട്ടിയേക്കാമെന്നതാണ് അവസ്ഥ. വർക്കർ കാറ്റഗറികളിൽ നിയമനം ഇല്ലാത്തതിനാൽ ദിവസക്കൂലി കരാറുകാരെ നിയമിച്ചാണ് ഒഴിവുകൾ നികത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.