ഒറ്റപ്പാലം: കൂടിയാലോചനയിൽ സംരംഭങ്ങൾ പലതും ചർച്ചയായെങ്കിലും അമ്പലപ്പാറ പഞ്ചായത്തിലെ സൗഭാഗ്യ കുടുംബശ്രീ യൂനിറ്റ് ഒടുവിൽ എത്തിപ്പെട്ടത് റൈസ് മിൽഎന്ന യാഥാർഥ്യത്തിലാണ്. എല്ലാവരും എളുപ്പത്തിൽ എത്തിപ്പിടിക്കുന്ന അച്ചാറും അരിമാവും പച്ചക്കറിയും വിട്ട് ജനങ്ങൾക്ക് കൂടുതൽ ഗുണകരമായ വേറിട്ട സംരംഭം എന്ന നിലയിലാണ് യൂനിറ്റിലെ അഞ്ച് വനിതകൾ ചേർന്ന് നെല്ല് കുത്താനും മല്ലി, മുളക്, മഞ്ഞൾ, അരി, ഗോതമ്പ് തുടങ്ങിയവ പൊടിക്കാനും അരി പൊടിച്ചു വറുക്കാനും എണ്ണ ആട്ടാനും പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കി കടമ്പൂർ കൂനൻമല റോഡിൽ മിൽ ആരംഭിച്ചത്.
വിവിധ ഭക്ഷ്യധാന്യങ്ങളുടെ പൊടി രൂപങ്ങൾ വർണപാക്കറ്റുകളിൽ വിപണികളിൽനിന്ന് അധികവില നൽകിവങ്ങുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നതും ഇവർക്ക് മിൽ ആരംഭിക്കാൻ പ്രേരണ നൽകി. 15 അംഗങ്ങളുള്ള സൗഭാഗ്യ കുടുംബശ്രീ യൂനിറ്റിലെ അഞ്ച് അംഗങ്ങളാണ് ഇതിനായി രംഗത്ത് വന്നത്. പ്രദേശവാസികളായ സരസ്വതി, ജയശ്രീ, ഷൈനി, സബിത, കല്യാണി എന്നിവരെ പഞ്ചായത്തിലെ എ.ഡി.എസ് സുനിത ഉപദേശ നിർദ്ദേശങ്ങൾ നൽകി കൂടെക്കൂടിയത് സംഗതി എളുപ്പമാക്കി.
മിൽ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സംരംഭകരിൽ ജയശ്രീയുടെ വീടിനോട് ചേർന്ന സ്ഥലം അനുവദിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് വർക്ക് ഷെഡ് നിർമിക്കാൻ അനുവദിച്ച രണ്ട് ലക്ഷം രൂപ കെട്ടിടത്തിന് ചെലവിട്ടു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 3.5 ലക്ഷവും കേരള ബാങ്കിന്റെ ഒറ്റപ്പാലം ശാഖയിൽനിന്ന് വായ്പയെടുത്ത മൂന്ന് ലക്ഷവുമാണ് മിൽ സംരംഭത്തിനുള്ള മുടക്ക് മുതൽ. 2022 മാർച്ച് 18 നായിരുന്നു ഉദ്ഘാടനം.
എണ്ണയാട്ടിയും ധാന്യങ്ങൾ പൊടിച്ചു കൊടുത്തും മുന്നേറുന്നതിനിടയിൽ മായം കലരാത്ത ധാന്യങ്ങളുടെ പൊടികളും മല്ലിയും മുളകും മറ്റും പാക്കറ്റിലാക്കി വിൽക്കാൻ ആരംഭിച്ചതോടെ ഇതിനും ആവശ്യക്കാരുണ്ടായി. മറ്റിടങ്ങളിൽ പൊടിക്കുന്നതിനും ആട്ടുന്നതിനും വാങ്ങുന്ന പ്രതിഫലത്തേക്കാൾ ഇളവ് അനുവദിക്കുന്നുണ്ടെന്ന് എ.ഡി.എസ് സുനിത പറഞ്ഞു. ഗുണമേന്മയുള്ള സാധനങ്ങൾ ശേഖരിച്ചാണ് പൊടിച്ചു വിൽക്കുന്നത്.
മായം കലരാത്ത സാധനങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റിന് ഇതിനകം അപേക്ഷ സമർപ്പിച്ചതായി ഇവർ പറയുന്നു. വിദ്യാലയങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുനൽകാനും ഉദ്ദേശമുണ്ട്. പഞ്ചായത്ത് ഓഫിസ് ഉൾപ്പടെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ വീട്ടാവശ്യത്തിനുള്ള പൊടികൾ ഇപ്പോൾ വാങ്ങുന്നുണ്ട്. മില്ലിനോട് ചേർന്ന് മറ്റൊരു ഷെഡ് കൂടി നിർമിച്ച് അരിമാവ് നിർമാണ യൂനിറ്റ് ആരംഭിക്കാനും ലക്ഷ്യമുണ്ട്.
മില്ലിൽ മൂന്ന് പേർക്ക് മാത്രമാണ് ജോലിയുണ്ടാവുക. അതുകൊണ്ടുതന്നെ അഞ്ച് പേരിൽ രണ്ട് പേർ മാറിനിൽക്കേണ്ടി വരുന്നുണ്ട്. ഇതിന് പരിഹാരമാണ് അരിമാവ് യൂനിറ്റ്. സാധനങ്ങൾ മൊത്തമായി വാങ്ങിയാൽ ലാഭം കൂടുതൽ ലഭിക്കുമെങ്കിലും ബാങ്ക് വായ്പ തിരിച്ചടവാണ് വില്ലനാകുന്നത്. പ്രതിമാസം 20,000 രൂപയോളം അതിനായി നീക്കിവെക്കണം. വൈദ്യുതി നിരക്ക്, വേതനം എന്നിവയും ഇതിൽ നിന്ന് ലഭിക്കണം. 350-400 രൂപ വരെ നിത്യേന വേതനം നീക്കിവെക്കാനാവുന്നുണ്ട്.
ഏതാണ്ട് തൊഴിലുറപ്പ് കൂലിക്ക് സമമാണിത്. മിൽ സ്ഥിതിചെയ്യുന്നത് അമ്പലപ്പാറ-മണ്ണാർക്കാട് റോഡിൽ നിന്ന് അൽപം മാറി ഉള്ളിലാണെന്നത് വിവരം പുറമേക്കെത്താൻ തടസമാകുന്നുണ്ട്. ആകർഷകമായ പാക്കറ്റുകളിൽ ഉൽപന്നങ്ങൾ പുറത്തിറക്കാൻ ജി.എസ്.ടി സംബന്ധമായ നൂലാമാലകൾ തടസമാണ്. ബാങ്ക് വായ്പയിൽ ഇനിയും ഒരു ലക്ഷത്തിലേറെ ബാക്കിയാണ്. വായ്പ അടച്ചു തീർത്താൽ നിത്യ വരുമാനം കൂട്ടാനാകുമെന്ന പ്രതീക്ഷ ഇവർ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.