ഒറ്റപ്പാലം: നവീകരണ പ്രവർത്തങ്ങളിലൂടെ പത്തൊമ്പതാം മൈലിലെ താമരക്കുളത്തിന്റെ മുഖച്ഛായ മാറി. നാല് പതിറ്റാണ്ട് പായൽ മൂടിക്കിടന്ന ഒന്നര ഏക്കർ വിസ്തൃതിയുള്ള കുളത്തിൽ മാലിന്യം തള്ളലും പതിവായിരുന്നു. ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ തുടക്കമിട്ട രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് കുളത്തെ ആകർഷണ കേന്ദ്രമാക്കുന്നത്. ചളിയും മണ്ണും മാലിന്യവും നീക്കം ചെയ്തു.
സംരക്ഷണ ഭിത്തി നിർമാണം അന്തിമ ഘട്ടത്തിലാണ്. കുളത്തിന് ചുറ്റും നടപ്പാതയും ചുറ്റുമതിൽ നിർമാണവും പൂർത്തിയായി. 1982ലാണ് അവസാനമായി കുളം നവീകരണം നടന്നത്. പത്തൊമ്പതാം മൈലിലെ ക്ലബ് 19, മീറ്റ്ന പാടശേഖരസമിതി കുളം നവീകരണമെന്ന ആവശ്യവുമായി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ സമീപിച്ചതോടെയാണ് കുളത്തിന്റെ ശാപമോക്ഷത്തിന് വഴിതെളിഞ്ഞത്. ഹരിത കേരള മിഷൻ, ഷൊർണൂർ ഇറിഗേഷൻ വിഭാഗം എന്നിവരുടെ പരിശോധനകൾക്ക് ശേഷമാണ് രണ്ട് കോടി രൂപ നവീകരണത്തിനായി അനുവദിച്ചത്. നവീകരണം പൂർത്തിയാകുന്നതോടെ കുറഞ്ഞത് 25 ഹെക്ടർ നെൽപ്പാടങ്ങൾക്ക് ജലസേചന സൗകര്യവുമാകും. പാലക്കാട്-കുളപ്പുള്ളി പാതയിൽനിന്ന് 50 മീറ്റർ അകലെയുള്ള കുളം നഗരസഭയുടെ നീന്തൽകുളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുതകുന്നതുമാണ്. ഫയർ ഫോഴ്സ് യുനിറ്റ് കൂടി സ്ഥാപിക്കുന്നതോടെ ജലശേഖരണത്തിനും കുളത്തെ ആശ്രയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.