മണ്ണൂർ: മണ്ണൂർ വില്ലേജ് മുറ്റത്ത് മാസങ്ങളായി മുറിച്ചിട്ട കൂറ്റൻ മരത്തടികൾ നീക്കാൻ നടപടിയായില്ല. മരത്തടികൾ നീക്കാത്തതിനാൽ സേവനങ്ങൾക്ക് വില്ലേജിലെത്തുന്നവർക്ക് ഏറെ പ്രയാസം ഉണ്ടാകുന്നതായും പറയപ്പെടുന്നു. ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത മണ്ണൂരിലെ സ്മാർട് വില്ലേജിന് മുറ്റത്താണ് മുറിച്ചിട്ട മരത്തടികൾ അലക്ഷ്യമായി കിടക്കുന്നത്.
ഭിന്നശേഷിക്കാർക്കായി വില്ലേജിനകത്ത് കയറാനുള്ള വഴി മരത്തടികൾ മൂലം അടഞ്ഞ് കിടപ്പാണ്. അകത്ത് ഭിന്നശേഷിക്കാർക്ക് കയറിപ്പോകാനുള്ള വഴിയിലെ സ്റ്റീൽ കൊണ്ട് നിർമിച്ച കൈപ്പിടിയും തകർന്നു കിടപ്പാണ്. മരം വീണതോടെ പൈപ്പ് തകർന്ന് വില്ലേജിലേക്കുള്ള കുടിവെള്ള വിതരണവും മാസങ്ങളായി നിലച്ചതായി ജീവനക്കാർ പറയുന്നു. ഒട്ടനവധി ആവശ്യങ്ങൾക്കായി നിർവധി പേർ ഇവിടെ എത്തുന്നുണ്ട്.
മുറ്റത്ത് ചപ്പും ചവറും നിറഞ്ഞതോടെ ഇഴജന്തുക്കൾ വന്നാലും അറിയില്ല. നിലവിൽ വില്ലേജിൽ നാഥനില്ലാത്ത അവസ്ഥയാണ്. വില്ലേജ് ഓഫിസറും സ്പെഷൽ വില്ലേജ് ഓഫിസറും ലീവെടുത്തിട്ട് മാസങ്ങളായി. നിലവിൽ വില്ലേജിൽ രണ്ടു ജീവനക്കാർ മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം മങ്കരയിലുള്ള ഒരു ജീവനക്കാരനെ മണ്ണൂരിലേക്കയച്ചിട്ടുണ്ട്. വില്ലേജിന് മുന്നിലെ മരത്തടികൾ ഉടൻ നീക്കണമെന്നും ഇത് സേവനങ്ങൾക്ക് എത്തുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും പഞ്ചായത്തംഗം വി.എം. അൻവർ സാദിക് പറഞ്ഞു. നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ സമരം തഹസിൽദാർ ഓഫിസിലേക്ക് മാറ്റുമെന്നും പഞ്ചായത്തംഗം സാദിക് മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.