ശ്രീനിവാസൻ വധം: അക്രമിസംഘം ആയുധമെത്തിച്ചത് കാറിലെന്ന് പൊലീസ്

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്. പാലക്കാട് ബി.ജെ.പി ഓഫിസിന് മുന്നിലുള്ള കാമറയിലെ ദൃശ്യങ്ങളിൽ നിന്ന് മൂന്ന് ബൈക്കുകൾക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയതെന്നാണ് പൊലീസ് നിഗമനം. സംഘത്തിന്‍റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങൾ കരുതിയിരുന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

മേലാമുറിക്കടുത്ത് വെച്ച് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതികളുപയോഗിച്ച വെള്ള ആക്ടീവ സ്കൂട്ടർ ഞായറാഴ്ച കണ്ടെത്തിയിരുന്നു. പ്രതികളെ തടുക്കശ്ശേരി മുളയംകുഴി പള്ളി മഖാമിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് വാഹനം കണ്ടെത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ചിലര്‍ കസ്റ്റഡിയിലായെന്നാണ് സൂചന. അതിനിടെ തിങ്കളാഴ്ച അറസ്റ്റിലായ, കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ അബ്ദുള്‍ ഖാദര്‍ എന്ന ഇക്ബാലിന്‍റെ തെളിവെടുപ്പ് തുടരുകയാണ്. പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന കോങ്ങാട് മേഖലയിലാണ് തെളിവെടുപ്പ്. ഒമ്പത് പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്.

അതേസമയം, സുബൈര്‍ വധക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങും. അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Tags:    
News Summary - Sreenivasan's murder: Police say militants brought weapons in car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.