ആലത്തൂർ: കാവശ്ശേരി കൃഷിഭവൻ പരിധിയിലെ ലിഫ്റ്റ് ഇറിഗേഷൻ, കാകമ്പാറ എന്നീ പാടശേഖരങ്ങളിൽ തണ്ടുതുരപ്പൻ കീടങ്ങളുടെ ആക്രമണം കണ്ടുവരുന്ന സാഹചര്യത്തിൽ കർഷകർക്ക് മാർഗനിർദേശവുമായി കൃഷിഭവൻ. നടീൽ നടത്തിയതും വിതച്ചതുമായ മൂന്നാഴ്ച കഴിഞ്ഞ പാടങ്ങളിലാണ് രോഗം കണ്ടുവരുന്നത്. ആദ്യഘട്ടത്തിൽ നടു നാമ്പ് വാട്ടമാണ് തണ്ടുതുരപ്പൻ ആക്രമണത്തിന്റെ ലക്ഷണം. വാടിയ നടു നാമ്പ് വലിച്ചാൽ ഊരിവരുന്നതായാണ് കാണുന്നത്.
നിയന്ത്രണ മാർഗങ്ങൾ
- തണ്ടുതുരപ്പന്റെ മുട്ടയുടെ പരാദമായ ’ട്രൈക്കോഗ്രാമ ജപ്പോണിക്കം’, ഓലചുരുട്ടിയുടെ മുട്ടകളുടെ പരാദമായ ‘ട്രൈക്കോഗ്രാമ കിലോണിസ്’ എന്നിവയുടെ മുട്ടകൾ പതിപ്പിച്ച കാർഡുകൾ ജൈവ നിയന്ത്രണത്തിന് പാടത്ത് ഉപയോഗിക്കാം. രണ്ടു കാർഡുകളും ഇടകലർത്തി ഉപയോഗിക്കണം.
- ഒരേക്കർ പാടത്ത് ഓരോ സി.സി കാർഡ് 10 ചെറുകാർഡുകളാക്കി മുറിച്ച് വിവിധ ഭാഗത്ത് ഓലക്കാലിലോ കമ്പ് നാട്ടിയോ നെല്ലോലകളിൽ സ്റ്റേപ്പിൾ ചെയ്തോ വെക്കാം. നെല്ല് വിതച്ച് 20 ദിവസത്തിന് ശേഷമോ കീടത്തിന്റെ ശലഭങ്ങൾ കണ്ടു തുടങ്ങുമ്പോഴോ കാർഡുകൾ വെക്കണം.
- രണ്ടാഴ്ച ഇടവേളയിൽ നാലുമുതൽ ആറ് തവണയായി കാർഡ് ഉപയോഗിക്കാം. വൈകുന്നേരമാണ് കാർഡ് വെക്കേണ്ടത്. കാർഡ് വെക്കുന്നതിന് ഒരാഴ്ച മുമ്പും ശേഷവും കീടനാശിനി പ്രയോഗം നടത്താൻ പാടില്ല. ആലത്തൂർ കൃഷിഭവനിൽ മുട്ടക്കാർഡ് ലഭ്യമാണ്.
- കീടനാശിനി പരമാവധി കുറക്കണം അത്യാവശ്യഘട്ടത്തിൽ കൂടുതൽ ആക്രമണം കണ്ടുവരുകയാണെങ്കിൽ ഫ്ലുബെൻഡയാമൈഡ് (ഒരേക്കറിന്) ഫെയ്യിം 20 മില്ലി ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.