പാലക്കാട്: നഗരത്തിൽ യാത്രക്കാർക്ക് ഭീഷണിയായി തെരുവുനായ്ക്കൾ വിഹരിക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. വിക്ടോറിയ കോളജ് പരിസരം, പട്ടിക്കര ബൈപാസ് റോഡ്, മുനിസിപ്പൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, ചുണ്ണാമ്പുതറ റോഡ്, കുടുംബ കോടതി പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങൾ തെരുവുനായ്ക്കൾ കൈയടക്കിയിട്ട് കാലങ്ങളായി. പ്രധാന റോഡുകളിലെ നടപ്പാതകളിലും കടകൾക്ക് മുന്നിലും ശ്വാനപ്പടകൾ തമ്പടിച്ചിരിക്കുകയാണ്.
മിക്ക റോഡുകളിലും കവലകളിലും നായ്ക്കളുടെ കൂട്ടമുണ്ട്. നഗരത്തിന്റെ മിക്കയിടത്തും അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും മാലിന്യക്കൂമ്പാരവുമാണ് ഇതിന് പ്രധാന കാരണം. ഒറ്റക്ക് വരുന്ന കാൽനടയാത്രക്കാർക്കു നേരെയും ഇരുചക്രവാഹനങ്ങൾക്കു നേരെയും നായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടുക്കുകയാണ്. രാപകലന്യേ നിരത്തുകളിലുള്ള ശ്വാനപ്പട പ്രഭാത സവാരിക്കിറങ്ങുന്നവർക്കും പത്രവിതരണക്കാർക്കുമെല്ലാം ഭീഷണിയാണ്. റെയിൽവേ സ്റ്റേഷന്റെ അകത്തും പ്ലാറ്റ്ഫോമുകളിലുമെല്ലാം ശല്യം രൂക്ഷമാണ്.
നിർമാണം നിലച്ച കംഫർട്ട് സ്റ്റേഷൻ പരിസരത്താണ് കൂടുതൽ ശല്യം. ഒലവക്കോട് കുടുംബ കോടതി കവാടത്തിലും കോടതി റോഡിലും മിക്ക സമയത്തും നായ്ക്കൾ തമ്പടിക്കുന്നത് ഇവിടേക്കെത്തുന്നവരെ ദുരിതത്തിലാക്കുന്നു.
നഗരസഭയിൽ തെരുവുനായ് ശല്യം നിയന്ത്രിക്കുന്നതിനായുള്ള വന്ധ്യംകരണ പദ്ധതി നിലച്ച നിലയിലാണ്. കടിയേറ്റ് മരണം തുടർക്കഥയാവുമ്പോഴും ജില്ലയിൽ തെരുവുനായ് നിയന്ത്രണ പദ്ധതികൾ പ്രഹസനമാണ്. നേരത്തെ ഉണ്ടായിരുന്ന നായ്പിടിത്തം ഇല്ലാതായതും വന്ധ്യംകരണത്തിനായി ചെലവഴിക്കുന്ന തുക പോരാതെ വരുന്നതും പദ്ധതിക്ക് വിനയാവുകയാണ്.
അഗളി: അട്ടപ്പാടി അഗളി ടൗണിന് സമീപം തെരുവുനായ്ക്കൾ പുള്ളിമാനെ കൊന്നു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ആറുമാസം പ്രായം തോന്നുന്ന മാനാണ് ചത്തത്. അഗളി ബോഡിച്ചാള റോഡിനോട് ചേർന്നാണ് മാനിന്റെ ജഡം തെരുവുനായ്ക്കൾ വലിച്ചിഴക്കുന്ന നിലയിൽ കണ്ടത്. ബോഡിച്ചാള വനമേഖലയിൽ പുള്ളിമാൻ കൂട്ടങ്ങളുടെ സാന്നിധ്യം സജീവമാണ്. ഈ ഭാഗത്ത് വിനോദസഞ്ചാരികൾ ഭക്ഷണ അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതിനാൽ തെരുവുനായ് ശല്യവും ഏറെയാണ്.
ഒലവക്കോട്: ചുണ്ണാമ്പുതറ - വടക്കന്തറ - ഒലവക്കോട് റോഡ് കൈയടക്കി തെരുവുനായ്ക്കൾ. അതിരാവിലെയാണ് റോഡിലുടനീളം നായ്ക്കൾ കൂട്ടത്തോടെ കറങ്ങുന്നത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവരും കാൽനടയാത്രക്കാരും ഭീതിയിലാണ്. ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യവും റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ഉപേക്ഷിക്കുന്നതിനാൽ റെയിൽവേ ഗേറ്റ് പരിസരങ്ങളിൽ നായ്ക്കൾ തമ്പടിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
നെന്മാറ: കണിമംഗലം - എന്തൻപാത ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായി. ഏന്തൻപാത ഭാഗത്ത് കഴിഞ്ഞ ദിവസം നായ്ക്കളുടെ കടിയേറ്റ നാലുപേർ ചികിത്സ തേടിയിരുന്നു. വിഷയം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലമില്ലെന്ന് നാട്ടുകാർ പറയുന്നു. തെരുവു നായ്ക്കളെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പടിഞ്ഞാറങ്ങാടി: പടിഞ്ഞാറങ്ങാടിയിലും പരിസര പ്രദേശങ്ങളിലും നായ്ക്കളുടെ ശല്യം വർധിച്ചത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാര്ക്കും ഭീഷണിയായി. രണ്ടു ദിവസം മുമ്പ് സെന്ററിനടുത്ത് തൃത്താല റോഡിൽ സ്കൂട്ടറിന് മുന്നിലേക്ക് നായ് ചാടി യാത്രക്കാരന് ഗുരുതര പരിക്കേറ്റിരുന്നു. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കല്ലടിക്കോട്: കല്ലടിക്കോട് ദീപകവല, കനാൽ ജങ്ഷൻ, കല്ലടിക്കോട്, ആശുപത്രി റോഡ്, വാക്കോട് എന്നിവിടങ്ങളിൽ വഴിയാത്രക്കാരുടെ പേടിസ്വപ്നമായി തെരുവുനായ്ക്കൾ. കഴിഞ്ഞ ദിവസം ചുരിയോട് സ്വദേശിയുടെ ബൈക്കിന് കുറുകെ നായ ചാടിയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. പാൽ, പത്രം എന്നിവ വിതരണം ചെയ്യുന്നവരുടെ വാഹനത്തിന് പിറകെ നായ് ഓടുന്നത് പതിവായി.
വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളും മറ്റു കാൽനടക്കാരും ഭീതിയിലാണ്. കരിമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇടപെടണമെന്ന് തദ്ദേശവാസികൾ ആവശ്യപ്പെടുന്നു.
പാലക്കാട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ(എ.ബി.സി) പദ്ധതി നടക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ജില്ലയിൽ തെരുവുനായ് ശല്യത്തിന് കുറവില്ല. നിലവിൽ നാല് എ.ബി.സി കേന്ദ്രങ്ങൾ മാത്രമാണുള്ളത്. ബ്ലോക്കടിസ്ഥാനത്തിൽ കേന്ദ്രം തുടങ്ങിയാൽ മാത്രമേ പദ്ധതി വിജയമാകൂ എന്ന നിഗമനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്.
ജില്ല മൃഗസംരക്ഷണ വകുപ്പും ജില്ല പഞ്ചായത്തും ചേർന്നാണ് വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്നത്. ഏഴ് വർഷത്തിനുള്ളിൽ 53,324 നായ്ക്കളെയാണ് പദ്ധതിപ്രകാരം ജില്ലയിൽ വന്ധ്യംകരിച്ചത്. അതേസമയം, ജില്ലയിൽ എത്ര തെരുവുനായ്ക്കൾ ഉണ്ടെന്ന കാര്യത്തിൽ ഏകദേശ കണക്കുപോലും ലഭ്യമല്ല. 2019നുശേഷം കണക്കെടുപ്പ് നടന്നിട്ടില്ല. 2019ലെ കണക്കുപ്രകാരം ജില്ലയിൽ 66,000 തെരുവുനായ്ക്കൾ ഉണ്ടായിരുന്നു. മൂന്നര വർഷം കൊണ്ട് ഇവയുടെ എണ്ണം ഏറെ വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.