പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവത്തിൽ മംഗലംഡാം പൊലീസിന് വീഴ്ചയെന്ന് ബന്ധുക്കൾ. കഴിഞ്ഞ മാർച്ച് 28നാണ് ആലത്തൂർ വണ്ടാഴി സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനി കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. പെൺകുട്ടിക്ക് സമീപവാസിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് മുറിയിൽ കയറി കതകടക്കുകയായിരുന്നുവെന്നുമാണ് മാതാപിതാക്കൾ മൊഴി നൽകിയത്.
കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മാതാപിതാക്കൾ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ ഇത് സ്ഥിരീകരിച്ചിട്ടും പൊലീസ് നടപടി ഇഴയുകയാണെന്ന് മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടോ എന്ന് സംശയമുണ്ട്.
നീതി നിഷേധിക്കുന്ന പക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർക്കൊപ്പമെത്തിയ നാട്ടുകാർ പറഞ്ഞു. എന്നാൽ, കേസുമായി ബന്ധപ്പെട്ട് അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ വടക്കഞ്ചേരി സി.ഐ കെ.പി. ബെന്നി പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് നിലവിൽ കേസന്വേഷിക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രതിയെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ വരുംദിവസങ്ങളിൽ പിടികൂടാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.പി. ബെന്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.