പാലക്കാട്: ജില്ലയില്‍ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പ്രവർത്തനം ഊര്‍ജിതമാക്കുമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ തഹസില്‍ദാര്‍ അറിയിച്ചു. നിലവില്‍ പാലക്കാട് നഗരസഭ പരിധിയില്‍ 150 നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. വീട്ടില്‍ വളര്‍ത്തുന്നവക്ക് വാക്‌സിനും പഞ്ചായത്തുകളില്‍നിന്ന് ലൈസന്‍സും എടുക്കാനുള്ള നിര്‍ദേശവും നല്‍കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
പാലക്കാട് സ്റ്റേഡിയം ബൈപാസില്‍നിന്ന് ജില്ല വനിത-ശിശുക്ഷേമ ആശുപത്രിയിലേക്ക് റോഡ് നിർമിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. റോഡിലെ കുഴികള്‍ അടക്കണമെന്നും ടാറിങ് നടത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. റോഡ് അറ്റകുറ്റപ്പണിക്ക് ആവശ്യമായ നടപടി സ്വീകരിക്കാന്‍ തീരുമാനമായി.
മേഴ്‌സി കോളജിന് സമീപപ്രദേശങ്ങളില്‍ സ്വകാര്യവ്യക്തികള്‍ സ്ഥലം കൈയേറി കെട്ടിടങ്ങള്‍ നിർമിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം നടപടി സ്വീകരിക്കാനും തീരുമാനിച്ചു. പൊട്ടിപ്പൊളിഞ്ഞ പാലക്കാട് നഗരസഭ പരിധിയിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടുണ്ട്.
മഴ മാറിയാല്‍ ഉടന്‍ റോഡ് പണി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പി.ഡബ്ല്യു.ഡി, നഗരസഭ പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കി. മലമ്പുഴയില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ശൗചാലയം വേണമെന്ന് ആര്‍.ടി.ഒ പ്രതിനിധി ആവശ്യം ഉന്നയിച്ചു.
ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ശൗചാലയം ലഭിക്കുന്നതിന് മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ഇറിഗേഷന്‍ വകുപ്പിനും കലക്ടര്‍ക്കും കത്ത് നല്‍കാന്‍ ആര്‍.ടി.ഒ പ്രതിനിധിക്ക് നിര്‍ദേശം നല്‍കി. മീനാക്ഷിപുരം, വാളയാര്‍ ഭാഗങ്ങളില്‍ സര്‍ക്കാര്‍ റേഷന്‍കട വഴി വിതരണം ചെയ്യുന്ന അരി വ്യാപകമായി ഏജന്റുമാര്‍ക്ക് മറിച്ചുവില്‍ക്കുന്നത് പിടിച്ചെടുക്കുന്നുണ്ട്. സൗജന്യമായി വാങ്ങുന്ന അരി മറിച്ചുവില്‍ക്കുന്നത് പിടിക്കപ്പെട്ടാല്‍ ആ വ്യക്തിയുടെ സൗജന്യ റേഷന്‍ റദ്ദ് ചെയ്യാനുള്ള നടപടി ഉണ്ടാകും.
സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചു. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കെ. വേലു അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി, കോങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിന്ദു, പാലക്കാട് ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ഭൂരേഖ തഹസില്‍ദാര്‍ സുധാകരന്‍, താലൂക്കുതല ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പ് മേധാവികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.