ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയെ ‘ലക്ഷ്യ’ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പ്രസവ മുറികൾ ശാസ്ത്രീയമായി നിർമിക്കുമെന്ന് മന്ത്രി വീണ ജോർജ്. ഇതിനായി എം.എൽ.എയുടെ ഫണ്ട് വിനിയോഗിക്കാമെന്ന് അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ സമ്മതം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നിർമാണങ്ങളും വിവിധ വാർഡുകളിലെ രോഗികളെയും സന്ദർശിച്ച ശേഷം മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. മാസ്റ്റർ പ്ലാൻ പ്രകാരം കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന താലൂക്ക് ആശുപത്രിയിലെ മൂന്ന് നില കെട്ടിടം ജനുവരിയിൽ പൂർത്തിയാകും. ഇതിൽ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം ഉടൻ ആരംഭിക്കും.]
ഒറ്റപ്പാലം എം.എൽ.എ നിരന്തരം ഇടപെടുന്ന പദ്ധതിയാണ് താലൂക്ക് ആശുപത്രിയിലെ രക്ത ബാങ്ക്. ഇത് പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ച ടെക്നീഷ്യൻ വേണം. കൂടാതെ ലൈസൻസും ആവശ്യമുണ്ട്. ഇക്കാര്യത്തിൽ നേരിട്ടേക്കാവുന്ന സാങ്കേതിക കാലതാമസം ഒഴിവാക്കാൻ ഡി.എം.ഒ ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ പരിഹാരം കണ്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പുതിയ കെട്ടിടത്തിൽ സോളാർ സംവിധാനം ഏർപ്പെടുത്തും. ഭാരിച്ച വൈദ്യുത നിരക്ക് ഇതിലൂടെ ലാഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ, നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി, സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ, ജില്ല മെഡിക്കൽ ഓഫിസർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. നിലവിൽ ആശുപത്രിയിൽ രോഗികൾ നേരിടുന്ന പ്രയാസങ്ങളും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും ഉൾപ്പടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് മന്ത്രിക്ക് നൽകിയത്.
മണ്ണാർക്കാട്: സർക്കാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കേരളത്തിലെ ഒരു ആശുപത്രിയിലും പൊതുജനങ്ങൾക്കുള്ള സൗജന്യ ചികിത്സ മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. ആശുപത്രികൾ ജനങ്ങൾക്ക് വേണ്ടിയാണ്. ഒരു ആശുപത്രിയുടെ പ്രവർത്തനവും നിർത്തലാക്കില്ലെന്നും മന്ത്രി പറഞ്ഞു.
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ സന്ദർശനശേഷം സാഹചര്യങ്ങൾ മന്ത്രി വിലയിരുത്തി. പ്രസവ വാർഡ് ഒഴിഞ്ഞുകിടക്കുന്നതിൽ മന്ത്രി അതൃപ്തി അറിയിച്ചു. സാങ്കേതികത്വം പറഞ്ഞ് പ്രസവ ചികിത്സ നിരാകരിക്കുന്ന രീതി ശരിയല്ലെന്നും ഡോക്ടർമാരുടെ വീഴ്ചയായി ഇതിനെ കാണേണ്ടി വരുമെന്നും പറഞ്ഞ മന്ത്രി നിലവിൽ അനസ് തെറ്റിസ്റ്റ് ഉണ്ടായിട്ടും ശസ്ത്രക്രിയ നടക്കാത്തത് എന്ത് കൊണ്ടാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിച്ചു. കിഫ്ബി പദ്ധതികളുടെ അംഗീകാരം ജനുവരിയോടെ വാങ്ങി പ്രവൃത്തി ആരംഭിക്കണമെന്നും മന്ത്രി നിർദേശം നൽകി.
അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.ആർ. സെബാസ്റ്റ്യൻ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സി. ഷഫീഖ് റഹ്മാൻ, കൗൺസിലർ കെ. മൻസൂർ, പാലക്കാട് ഡി.എം.ഒ ഡോ. റീത്ത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അമാനുല്ല എന്നിവരും വിവിധ ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
മണ്ണാർക്കാട്: താലൂക്ക് ആശുപത്രിക്ക് മാത്രമായി പ്രതിസന്ധിയില്ലെന്ന് മന്ത്രി വീണ ജോർജ്. നിലവിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് നഗരസഭ ചെയർമാനല്ല, പാലക്കാട് ഡി.എം.ഒക്കാണ് കത്ത് നൽകേണ്ടത്. ചികിത്സ മുടങ്ങുമെന്ന ഭയം ജനങ്ങൾക്ക് വേണ്ട. സൂപ്രണ്ടിന്റെ കത്ത് സംബന്ധിച്ച് ഡി.എം.ഒയോട് പരിശോധിക്കാനും മന്ത്രി നിർദേശിച്ചു.
വിവിധ സൗജന്യ ചികിത്സ പദ്ധതികളിൽ സർക്കാറിൽനിന്നുള്ള ഫണ്ട് കുടിശ്ശികയായതിനാൽ സൗജന്യ ചികിത്സ പ്രതിസന്ധിയിലായേക്കുമെന്ന് കാണിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ട് നഗരസഭ ചെയർമാന് കത്ത് നൽകിയത് ചർച്ചയായിരുന്നു. ആശുപത്രി ആരോഗ്യ വകുപ്പിന് കീഴിലാണെന്നും വിവാദത്തിന്റെ സാഹചര്യം അറിയില്ലെന്നും ചികിത്സ നിർത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രിയുടെ നിലവിലെ പ്രതിസന്ധി സൂചിപ്പിച്ചുള്ള കത്ത് നഗരസഭ ചെയർമാൻ എന്ന നിലയിലാണ് സൂപ്രണ്ട് ഔദ്യോഗികമായി നൽകിയതെന്നും മാധ്യമങ്ങളോട് ഇക്കാര്യം പങ്കുവെച്ചതിൽ അപാകതയില്ലെന്നും സർക്കാർ നൽകാനുള്ള ഫണ്ട് ലഭിച്ചാൽ പ്രതിസന്ധി തീരുമെന്നും ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു. നഗരസഭയുടെ ഫണ്ടിൽനിന്നാണ് 2.80 ലക്ഷം മരുന്നിന് നൽകിയത്.
ഡയാലിസിസിന് നൽകിയ തുക ട്രഷറി നിയന്ത്രണം കൊണ്ട് ലഭിക്കാത്തത് പ്രതിസന്ധിയാണ്. ഇതിന്റെ പേരിൽ ആശുപത്രി സൂപ്രണ്ടിനെ ക്രൂശിക്കുകയോ ഭീഷണിപ്പെടുത്തുകയോ വേണ്ട. ചികിത്സ നിർത്തലാക്കി എന്ന് ആരും പറഞ്ഞിട്ടില്ലെന്നും പ്രതിസന്ധിയിലാണെന്നാണ് അറിയിച്ചതെന്നും ചെയർമാൻ വിശദീകരിച്ചു.ചെയർമാൻ വെറുതെ പറഞ്ഞതല്ലെന്നും ആശുപത്രി നഗരസഭയുടെ ചുമതലയിലാണെന്നും വിവിധ ഇനങ്ങളിൽ കിട്ടാനുള്ള തുക ലഭിച്ചില്ലെങ്കിൽ പ്രവർത്തനം അവതാളത്തിലാകുമെന്ന അറിയിപ്പ് സൂപ്രണ്ട് നൽകിയത് സംബന്ധിച്ച ആശങ്കയാണ് ചെയർമാൻ പങ്കുവെച്ചതെന്നും അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു.
എന്നാൽ, സൂപ്രണ്ട് നൽകിയ കത്തിൽ ചൂണ്ടിക്കാണിച്ച പ്രതിസന്ധി സംബന്ധിച്ച് പരിഹാരം കാണാൻ ശ്രമം നടത്താതെ രാഷ്ട്രീയ ലക്ഷ്യമിട്ട് മുതലെടുക്കാനുള്ള ശ്രമമാണ് നഗരസഭ ചെയർമാൻ നടത്തിയതെന്നും അതിന് മന്ത്രി കൃത്യമായ ഉത്തരം നൽകിയിട്ടുണ്ടെന്നും നഗരസഭ പ്രതിപക്ഷ നേതാവ് ടി.ആർ. സെബാസ്റ്റ്യൻ, കൗൺസിലർ കെ. മൻസൂർ എന്നിവർ പറഞ്ഞു.
ആലത്തൂർ: താലൂക്കാശുപത്രിയുടെ പ്രവർത്തനം നേരിട്ട് കണ്ടറിയുകയും രോഗികളോടും ഉദ്യോഗസ്ഥരോടും കാര്യങ്ങൾ മന്ത്രി വീണ ജോർജ് ചോദിച്ചറിയുകയും ചെയ്തു. ആശുപത്രി വികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടം നിർമിക്കുന്ന സ്ഥലത്ത് അപകടകരമായി നിൽക്കുന്ന രണ്ട് തേക്ക് മരങ്ങൾ മുറിച്ചനീക്കുന്നതിന് നടപടി സ്വീകരിക്കാൻ സുപ്രണ്ടിനും തഹസിൽദാർക്കും മന്ത്രി നിർദേശം നൽകി. കെ.ഡി. പ്രസേനൻ എം.എൽ.എയാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വാർഡുകളും അത്യാഹിത വിഭാഗവും മന്ത്രി സന്ദർശിച്ചു.
പി.പി. സുമോദ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. ബിജോയ് കുമാർ, ഡോ. ആർ. അജയകുമാർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
പട്ടാമ്പി: താലൂക്ക് ആശുപത്രിയിൽ 10 ഡയാലിസിസ് മെഷീൻ മൂന്നാഴ്ചക്കകം എത്തിക്കുമെന്ന് മന്ത്രി വീണ ജോർജ്. പട്ടാമ്പി താലൂക്ക് ആശുപത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ. നേരത്തെ അനുവദിച്ചതാണെങ്കിലും മെഷീൻ ഇതുവരെ എത്തിയിട്ടില്ലെന്ന് ശ്രദ്ധയിൽപെടുത്തിയപ്പോൾ വിതരണക്കാരെ ഫോണിൽ ബന്ധപ്പെട്ടാണ് മന്ത്രി ഉറപ്പുനൽകിയത്. നേരത്തെ മന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത കുട്ടികളുടെ ഐ.സി.യു വാർഡ് പ്രവർത്തനം തുടങ്ങാത്തത് ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. ജനറേറ്റർ, ഡോക്ടർ, പരിശീലനം ലഭിച്ച നഴ്സ് എന്നിവരുടെ അഭാവമായിരുന്നു തടസ്സം. തടസ്സങ്ങൾ നീങ്ങിയെന്നും ഡോക്ടറെ എത്രയും പെട്ടെന്ന് നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയിൽ പുതിയ കെട്ടിട നിർമാണത്തിനുള്ള ധനാനുമതി ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മുഹമ്മദ് മുഹ്സിൻ എം.എൽ.എ, നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.ടി. റുഖിയ, കൗൺസിലർമാരായ കെ.ആർ. നാരായണസ്വാമി, പി. വിജയകുമാർ, എൻ. രാജൻ, പി.കെ. കവിത, സി.പി.എം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, എൻ.പി. വിനയകുമാർ, എ.വി. സുരേഷ്, ടി.പി. ഉസ്മാൻ, ഡി.എം.ഒ ഡോ. കെ.പി. റീത്ത, ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.