പാലക്കാട്: നെല്ല് സംഭരണത്തിൽ സഹകരണ സംഘങ്ങളുടെ പങ്കിനെക്കുറിച്ച് വ്യക്തത വരുത്താതെ സപ്ലൈകോ. പാലക്കാട് ജില്ലയിൽ കൊയ്ത്ത് തുടങ്ങി മാസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും സംഭരണം നടത്തുന്നത് സപ്ലൈകോയാണ്. ഇതാകട്ടെ ഒച്ചിന്റെ വേഗത്തിലാണ്. ആലത്തൂർ താലൂക്കിൽ മാത്രമാണ് സംഭരണം നടക്കുന്നത്. സി.പി.ഐയുടെ താൽപര്യക്കുറവാണ് സംഭരണം സംഘങ്ങളെ ഏൽപിക്കുന്ന കാര്യത്തിൽ വ്യക്തതയകാത്തതിന് കാരണമെന്ന് ആക്ഷേപമുണ്ട്. 2018ലും സംഭരണം സംഘങ്ങളെ ഏൽപിക്കാൻ ശ്രമം നടന്നെങ്കിലും അന്നും സി.പി.ഐ എതിർത്തതിനെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നു.
നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിക്കാത്തതിനെ തുടർന്നാണ് ഈ സീസൺ മുതൽ സംഘങ്ങളെക്കൂടി സംഭരണത്തിൽ പങ്കാളിയാക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, സംഘങ്ങളെ ഏൽപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മാർഗനിർദേശവും ലഭിച്ചിട്ടില്ലെന്നാണ് സഹകരണ വകുപ്പ് അധികൃതർ പറയുന്നത്. സംഘങ്ങളെ ഏൽപിച്ചാലും അവർക്ക് സ്വന്തം മില്ലും സൂക്ഷിക്കാൻ കേന്ദ്രങ്ങളുമില്ലാത്തതിനാൽ സ്വകാര്യ മില്ലുകളുടെ സഹകരണം അനിവാര്യമാണ്.
മുൻവർഷങ്ങളിൽ സപ്ലൈകോക്കുവേണ്ടി നെല്ല് സംഭരിച്ച അമ്പതോളം മില്ലുകളാണ് ഈ തവണ സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. സപ്ലൈകോയുമായി ഇടഞ്ഞുനിൽക്കുന്ന മില്ലുകൾക്ക് സഹകരണ സംഘങ്ങളുമായി കരാറുണ്ടാക്കി നെല്ല് അരിയാക്കി നൽകാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനിടെ പാലക്കാട് ജില്ലയിൽ സഹകരണ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാഡികോയെ സപ്ലൈകോ അവഗണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
പാഡികോ വഴി നെല്ല് സംഭരിക്കാൻ പട്ടഞ്ചേരി, പെരുങ്ങോട്ടുകുറുശ്ശി, മാത്തൂർ പഞ്ചായത്തുകളിലെ 11 പാടശേഖരസമിതികൾക്ക് മാത്രമാണ് സപ്ലൈകോ അനുമതി നൽകിയത്. മൂന്ന് പഞ്ചായത്തുകളിൽനിന്നായി 2000 മെട്രിക് ടൺ നെൽ മാത്രമേ സംഭരിക്കാൻ കഴിയൂ. നാല് ഏക്കറിൽ പ്രവർത്തിക്കുന്ന പാഡികോക്ക് 10,000 മെട്രിക് ടൺ വരെ സംഭരണശേഷിയുണ്ട്. മുൻ വർഷങ്ങളിൽ മില്ലുകാരുടെ നിസ്സഹകരണം മൂലം സംഭരണം പ്രതിസന്ധിയിലായപ്പോൾ 14, 000 മെട്രിക് ടൺ വരെ സംഭരിച്ച് സൂക്ഷിച്ചിരുന്നു.
നെല്ല് സംഭരണത്തിന് തമിഴ്നാട് മില്ലുകളും
കൊല്ലങ്കോട്: കർഷകരുടെ അവസ്ഥ മുതലെടുത്ത് നെല്ല് സംഭരിക്കാൻ തമിഴ്നാട്ടിലെ മില്ലുകളുടെ ഏജന്റുമാരും രംഗത്ത്. സപ്ലൈകോ നെല്ല് സംഭരണത്തിന്റെ തുക ലഭിക്കുന്നതിലെ പ്രതിസന്ധി മുതലാക്കി നെല്ല് വാങ്ങാൻ തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യ മില്ലുകളുടെ ഏജന്റുമാർ പ്രവർത്തിക്കുന്നതിനിടെയാണ് പൊള്ളാച്ചി, ഉടുമല, ഡിണ്ടിക്കൽ പ്രദേശങ്ങളിലെ അരിമില്ലുകൾ നടത്തുന്ന വ്യാപാരികളും രംഗത്തുവന്നിരിക്കുന്നത്. ചിറ്റൂർ, കൊല്ലങ്കോട്, ആലത്തൂർ, മലമ്പുഴ, നെന്മാറ, കണ്ണാടി, കുഴൽമന്ദം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ നേരിട്ടെത്തി നെല്ല് വാങ്ങുന്നത്.
ജ്യോതി നെല്ലിന് കിലോ 24 -25 രൂപയും, ഉമ നെല്ലിന് 22 -23 രൂപയുമാണ് വില. ചാറ്റൽ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയുംമൂലം നെല്ല് ഉണക്കാൻ വഴിയില്ലാത്ത ചെറുകിട കർഷകർ വില അൽപം കുറഞ്ഞാലും നെല്ല് വിറ്റൊഴിവാക്കുകയാണ്. മിക്ക കർഷകരും ലഭിക്കുന്ന വിലക്ക് നെല്ല് കൊടുക്കാൻ തയാറാവുന്നത് മുതലാക്കുന്ന കർഷകരുമുണ്ട്. കഴിഞ്ഞ വർഷത്തെ സംഭരണത്തിലുണ്ടായ അപാകത പൂർണമായും പരിഹരിക്കാത്തതിനാൽ ഒന്നാം വിളവിന്റെ സംഭരണത്തിനുള്ള തയാറെടുപ്പുപോലും ഉപേക്ഷിക്കുന്ന കർഷകരുണ്ടെന്ന് കർഷക സംഘടനകൾ പറയുന്നു.
പച്ചത്തേങ്ങ സംഭരണം നവംബർ 10 മുതൽ
കല്ലടിക്കോട്: പച്ചത്തേങ്ങ സംഭരണം അടുത്ത മാസം ആദ്യം ആരംഭിക്കും. ജില്ലയിൽ തൃത്താലയിലും കല്ലടിക്കോട്ടുമാണ് സർക്കാർ അംഗീകൃത പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങളുള്ളത്. കൃഷിഭവനുകളിൽ പേർ രജിസ്ട്രർ ചെയ്ത രണ്ട് ഹെക്ടറിൽ താഴെ കൃഷിയുള്ള ആർക്കും സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലക്ക് പച്ചത്തേങ്ങ ഈ സംഭരണ കേന്ദ്രങ്ങളിൽ നേരിട്ട് എത്തിച്ച് വിൽക്കാനാവും.
ആഴ്ചയിൽ നവംബർ 10 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ തേങ്ങ സംഭരിക്കും. കല്ലടിക്കോട് കേന്ദ്രീകരിച്ച് രൂപവത്കരിച്ച കനി നിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ എന്ന പേരിലുള്ള പൊതുകമ്പനിക്കാണ് സംഭരണ ചുമതല. കല്ലടിക്കോട്ട് ഗവ.താങ്ങുവില നാളികേര സംഭരണ കേന്ദ്രം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് കമ്പനി ചെയർമാൻ പി. ശിവദാസൻ, സി.ഇ.ഒ അസ്ഹറുദ്ദീൻ, വൈസ് ചെയർമാൻ സിജു കുര്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.