കൊല്ലങ്കോട്: ഊട്ടറ പാലത്തിന്റെ ബാരിയർ പാചകവാതക ലോറിയിടിച്ച് തകർന്നു. ശനിയാഴ്ച രാവിലെയാണ് പുതുനഗരം ഭാഗത്തുനിന്നും കൊല്ലങ്കോട് ഭാഗത്തേക്ക് പാചകവാതക സിലിണ്ടറുമായെത്തിയ ലോറിയിടിച്ച് മൂന്ന് മീറ്റർ ഉയരത്തിൽ സ്ഥാപിച്ച ബാരിയർ തകർന്നത്. ഇടിയുടെ ആഘാതത്തിൽ ബാരിയർ വേർപെട്ടു. ഒരുമണിക്കൂറോളം ഊട്ടറ പാലത്തിൽ ഗതാഗതം സ്തംഭിച്ചു. ചുമട്ടുതൊഴിലാളികളും നാട്ടുകാരും പൊലീസും റോഡിലേക്ക് വീണ ബാരിയറിനെ കയർ ഉപയോഗിച്ച് പാലത്തിലേക്ക് വലിച്ചുകെട്ടിയ ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്.
പാലത്തിൽ വാഹനങ്ങൾ നിയന്ത്രിക്കാനായി മൂന്ന് മീറ്റർ ഉയരത്തിൽ സ്ഥാപിച്ച ബാരിയറിൽ ഏപ്രിൽ മാസത്തിൽ മാത്രം ആറ് ലോറികളാണ് ഇടിച്ചത്. ഇവക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. മറ്റു വാഹനങ്ങളിടിച്ച് പാലത്തിന്റെ രണ്ട് വശത്തുമുള്ള ബാരിയറുകൾ വളഞ്ഞിരുന്നു. കൂടുതൽ വളത്ത ബാരിയറാണ് ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പൂർണമായും തകർന്നത്. കൊല്ലങ്കോട്-പാലക്കാട് പ്രധാനറോഡിൽ ഗായത്രി പുഴക്ക് കുറുകെയുള്ള ഊട്ടറ പാലം 50 ലക്ഷം രൂപ ഉപയോഗിച്ച് പുതുക്കി പണിത പാലം മാർച്ച് 27നാണ് തുറന്നുകൊടുത്തത്.
അമിതഭാരം കയറ്റിയ ലോറികൾ കടന്നാൽ പാലത്തിന് വീണ്ടും തകരാറുണ്ടാകുമെന്നതിനാലാണ് ഇരുവശത്തും മൂന്ന് മീറ്ററിന് മുകളിലുള്ള ചരക്കുവാഹനങ്ങൾ കടക്കാതിരിക്കാൻ ബാരിയർ സ്ഥാപിച്ചത്. ഇതോടെ ബസുകൾ, വലിയ ചരക്കുവാഹനങ്ങൾ എന്നിവ ആലമ്പള്ളം ചപ്പാത്ത് റോഡിലൂടെയാണ് വഴിതിരിച്ചുവിടുന്നത്. നിർദേശം ലംഘിച്ച് വരുന്ന ചരക്കുവാഹനങ്ങളെ കണ്ടെത്തി നടപടിയെടുക്കാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്ന ഉറപ്പും പാലിച്ചിട്ടില്ല. ബാരിയർ ഇടിച്ച വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ച പൊലീസ് പൊതുമരാമത്ത് വകുപ്പിന്റെ പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന നിലപാടിലാണുള്ളത്.
പകൽ സമയത്ത് ബാരിയർ ഇടിച്ച് തകർത്ത വാഹനത്തിനെ നാട്ടുകാർ തടഞ്ഞുവെച്ച് കൊല്ലങ്കോട് പൊലീസിന് കൈമാറിയും പൊതുമരാമത്ത് വകുപ്പ് പരാതി നൽകാതെ കേസെടുക്കില്ലെന്ന കൊല്ലങ്കോട് പൊലീസിന്റെ നടപടിക്കെതിരേയും പ്രതിഷേധം ശക്തമായി. കെ. ബാബു എം.എൽ.എ, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ എന്നിവർ പാലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.