പാലക്കാട്: സർക്കാറിന് കോടികൾ നഷ്ടമുണ്ടാക്കിയ കണ്ണമ്പ്ര സഹകരണ റൈസ് പാർക്ക് ഭൂമി ഇടപാടിൽ അേന്വഷണത്തിന് തയാറാകാെത സഹകരണവകുപ്പ്. ഇടപാടിൽ സി.പി.എമ്മിലെ ഉന്നതർക്ക് ബന്ധമുള്ളതാണ് സർക്കാർ മൗനത്തിന് കാരണമായി ആരോപിക്കപ്പെടുന്നത്. വിവാദങ്ങൾ ഉയർന്നിട്ടുപോലും സഹകരണ വകുപ്പ് ഫയൽ അടച്ചുവെച്ചിരിക്കുകയാണ്. സംഭവത്തിൽ, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇടപാടിൽ 3.5 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സി.പി.എം ജില്ല കമ്മിറ്റി നിേയാഗിച്ച കമീഷെൻറ കണ്ടെത്തൽ.
ജില്ലയിെല പ്രാഥമിക സഹകരണ സംഘങ്ങൾ ചേർന്ന കൺസോർഷ്യത്തിന് കീഴിൽ റൈസ് പാർക്ക് തുടങ്ങാനാണ് പദ്ധതി തയാറാക്കിയത്. പാർക്കിനായി 27.66 ഏക്കർ ഭൂമിയാണ് കൺസോർഷ്യം വാങ്ങിയത്. 26 സഹകരണ ബാങ്കുകളിൽനിന്നാണ് കൺസോർഷ്യം വായ്പയെടുത്തത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം 6.5 കോടിയോളം രൂപക്കായിരുന്നു ഭൂമി ഇടപാട്. എന്നാൽ ഏക്കറിന് 16 ലക്ഷം രൂപ മാത്രം വിലയുള്ള പ്രദേശത്ത്, ഏക്കറിന് ഏഴ് ലക്ഷം രൂപ അധികം നൽകി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു കണ്ണമ്പ്രയിലെ പ്രാദേശിക സി.പി.എം നേതാക്കളുടെ പരാതി. കൺസോർഷ്യത്തിെൻറ തലപ്പത്തുള്ളവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നും പ്രാഥമിക സംഘങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി സി.പി.എം പ്രാദേശിക നേതാക്കൾ ജില്ല നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആരോപണം.
സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന് പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്. പരാതി അടിസ്ഥാനരഹിതമാണെന്നും സഹകരണ വകുപ്പിെൻറ പൂര്‍ണ അറിവോടെയാണ് ഭൂമി ഇടപാട് നടന്നതെന്നുമായിരുന്നു കണ്ണമ്പ്ര സഹകരണ ബാങ്കിെൻറ വിശദീകരണം.
എന്നാൽ, ഇടപാടിൽ അഴിമതി നടന്നെന്ന് പാർട്ടി കമീഷനും തീർപ്പിലെത്തി. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം ഇ.എൻ. സുരേഷ്ബാബു, തൃത്താല ഏരിയ സെക്രട്ടറി പി.എൻ. മോഹനൻ എന്നിവരാണ് പാർട്ടി കമീഷനായി അന്വേഷണം നടത്തിയത്. കണ്ണമ്പ്ര സർവിസ് സഹകരണ ബാങ്കിെൻറ സെക്രട്ടറി ആയിരുന്ന, കൺസോർഷ്യം സെക്രട്ടറി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും പാർട്ടി കമീഷനു മൊഴി ലഭിച്ചു.
പാപ്കോസിന് പുറമെ ബാങ്കുകളുമായി ബന്ധപ്പെട്ട ഇടപാടുകളിലും ക്രമക്കേട് നടന്നതായി കണ്ടെത്തി. എന്നാൽ, ഇതിലൊന്നും സഹകരണ വകുപ്പ് വകുപ്പുതല പരിശോധനകളിലേക്ക് കടന്നിട്ടില്ല. വിജിലൻസിന് വിട്ടു അന്വേഷിക്കേണ്ട, ഗുരുതര അഴിമതി ആരോപണം ഉയർന്ന ഇടപാടിലാണ് സർക്കാർ ഒന്നുംചെയ്യാതെ ഇരിക്കുന്നത്. നെല്ലു വാങ്ങി സംഭരിച്ച്, മൂല്യവർധിത ഉൽപന്നങ്ങളാക്കി പൊതുവിപണിയിൽ വിറ്റഴിക്കുകയാണ് റൈസ് പാർക്ക് പദ്ധതിയിലൂടെ സഹകരണ വകുപ്പ് വിഭാവനം ചെയ്തിരുന്നത്.
സി.പി.എമ്മിൽ കൂട്ട നടപടി
3.5 കോടിയുടെ കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമി ഇടപാടിൽ തിരിമറി നടന്നതായ ആരോപണത്തെതുടർന്ന് സി.പി.എമ്മില്‍ അച്ചടക്ക നടപടി. മുതിർന്ന നേതാവ് സി.കെ. ചാമുണ്ണിയെ ജില്ല സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി. റൈസ് പാര്‍ക്ക് കണ്‍സോര്‍ഷ്യം സെക്രട്ടറി ആര്. സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കൂടിയായ സി.കെ. ചാമുണ്ണിയുടെ ബന്ധുവാണ് പുറത്താക്കപ്പെട്ട ആര്. സുരേന്ദ്രന്. പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയതിന് വടക്കഞ്ചേരി ഏരിയ സെക്രട്ടറി കെ. ബാലനെ തരംതാഴ്ത്തി. ബാലനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കി. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ്-ജില്ല കമ്മിറ്റി യോഗത്തിലാണ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. സി.കെ. ചാമുണ്ണിക്ക് താക്കീത് നൽകാനായിരുന്നു ജില്ല സെക്രട്ടേറിയറ്റിെൻറ തീരുമാനം. ഈ നിർദേശം തള്ളിയാണ് അച്ചടക്ക നടപടിയുണ്ടായത്.
ആദ്യം നിഷേധിച്ചു, പിന്നീട് പുറത്തുവന്നു
കണ്ണമ്പ്ര ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു വിവാദമുയർന്ന വേളയിൽ, സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ പറഞ്ഞത്. അപാകത ശ്രദ്ധയിൽ പെട്ടിട്ടില്ല. ആരെങ്കിലും ആരോപണം ഉന്നയിച്ചാൽ അത് വിവാദമാക്കേണ്ടതില്ല. പാർട്ടിയുടെ മുന്നിൽ പ്രശ്നം വന്നാൽ അത് ചർച്ച ചെയ്യുന്നതിനപ്പുറം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ജില്ല സെക്രേട്ടറിയറ്റിലെ മുതിർന്ന നേതാവിനെതിരെ തന്നെ നടപടി വന്നത്.
ഭൂമി ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജനുവരിയിലാണ് പാർട്ടി പ്രാദേശിക നേതാക്കൾ ജില്ല നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ, ജില്ല നേതൃത്വം ഇത് െവച്ചുതാമസിപ്പിച്ചു. ഇതോടെ പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു.
എ.കെ. ബാലനെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
കണ്ണമ്പ്രയിൽ സഹകരണ റൈസ് പാർക്കിനായി നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.കെ. ബാലനെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ്. നടപടി ജില്ല നേതാക്കളിൽ ഒതുങ്ങരുത്. എ.കെ. ബാലനറിയാതെ ഒരിടപാടും നടക്കില്ല. ഭൂമി ഇടപാടിൽ പാർട്ടി അന്വേഷണം സ്വീകാര്യമല്ല. മുഴുവൻ ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.