കൊച്ചി: തദ്ദേശ സ്ഥാപനങ്ങൾക്ക് നടത്തിപ്പ് അവകാശമുള്ള പൊതു ശുചിമുറി സമുച്ചയങ്ങൾ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രങ്ങളുടെ ഭൂമിയിൽ പാടില്ലെന്ന് ഹൈകോടതി. ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ക്ഷേത്രത്തിന്റെ ഭൂമിയിൽ നഗരസഭ പൊതു ശൗചാലയം നിർമിക്കുന്നത് ചോദ്യം ചെയ്ത് ചെർപ്പുളശ്ശേരി ഹിന്ദു ഐക്യവേദി പ്രസിഡന്റ് പി.എൻ. ശ്രീരാമൻ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മലബാർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രം വക ഭൂമിയിൽ നിർമിച്ച കെട്ടിടത്തിൽ മുനിസിപ്പാലിറ്റിയുടെ പേരു വെച്ചത് അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി.
ശുചിത്വ മിഷൻ പ്രകാരം ശുചിമുറി കോംപ്ലക്സ് അനുവദിക്കണമെന്ന് മുനിസിപ്പാലിറ്റിക്ക് അപേക്ഷ നൽകിയിരുന്നതായി ക്ഷേത്രം മാനേജിങ് ട്രസ്റ്റി അറിയിച്ചു. കരാർ പ്രകാരം ശുചിമുറി കോംപ്ലക്സ് നടത്തിപ്പിന്റെയും പരിപാലനത്തിന്റെയും ചുമതല മുനിസിപ്പാലിറ്റിക്കാണെന്നും ഇതിന് കുടുംബശ്രീയെ നിയോഗിക്കാനുള്ള അവകാശമുണ്ടെന്നും മുനിസിപ്പാലിറ്റി വിശദീകരിച്ചു. എന്നാൽ, പദ്ധതിക്കായി നൽകിയ അഞ്ച് സെന്റിന്റെ ഉടമസ്ഥാവകാശം ക്ഷേത്രത്തിൽ നിലനിർത്തണമെന്ന വ്യവസ്ഥയിലാണ് ദേവസ്വം ബോർഡ് ഭരണാനുമതി നൽകിയതെങ്കിൽ ഇതിന് വിരുദ്ധമായ കരാർ വ്യവസ്ഥ സാധ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ നിർദേശപ്രകാരം ശുചിമുറി കോംപ്ലക്സ് നടത്തിപ്പ് അവകാശം ക്ഷേത്രം ഏറ്റെടുത്തതായി മാനേജിങ് ട്രസ്റ്റിയും മുനിസിപ്പാലിറ്റിയും അറിയിച്ചു. പദ്ധതിക്ക് ചെലവായ 17.49 ലക്ഷത്തിൽ 6.47 ലക്ഷം കേന്ദ്ര ഫിനാൻസ് കമീഷൻ ഗ്രാന്റായും 6.06 ലക്ഷം കേന്ദ്രത്തിന്റെ സ്വച്ഛ് ഭാരത് മിഷൻ ഫണ്ടായും 4.95 ലക്ഷം സംസ്ഥാന സർക്കാറിന്റെ ശുചിത്വ മിഷൻ ഫണ്ടായുമാണ് അനുവദിച്ചിട്ടുള്ളതെന്ന് മുനിസിപ്പാലിറ്റിയുടെ കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ വ്യക്തമാണെന്ന് കോടതി പറഞ്ഞു.
മുനിസിപ്പാലിറ്റിക്ക് ചെലവായ തുക നൽകണമെന്നുണ്ടെങ്കിൽ കക്ഷികൾക്ക് നോട്ടീസ് നൽകിയശേഷം ദേവസ്വം ബോർഡ് അധികൃതർ ഉചിതമായ തീരുമാനം രണ്ടുമാസത്തിനകം എടുക്കണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.