മങ്കര: മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ലോറി ഡ്രൈവർ പട്ടാമ്പി സ്വദേശി മുഹമ്മദ്, സഹായി സക്കീർ എന്നിവരുടെ നേതൃത്വത്തിലാണ് മങ്കര പൂലോടി പാൽ സൊസൈറ്റിക്ക് സമീപം തിങ്കളാഴ്ച രാത്രി 10ഓടെ ഒഴിഞ്ഞപറമ്പിൽ മാലിന്യം തള്ളാനെത്തിയത്. അതുവഴി വന്ന യാത്രക്കാർ സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് ബോധ്യമായത്. തുടർന്ന് വാർഡ് അംഗം അനിതയുടെ നേതൃത്വത്തിൽ നാട്ടുകാർ ലോറി തടഞ്ഞിട്ടു. മങ്കര പൊലീസെത്തി ഡ്രൈവറെ ചോദ്യംചെയ്തു. ഒമ്പതാം വാർഡിലുള്ള ഒരാളുടെ സഹായത്തോടെയാണ് മാലിന്യം തള്ളാനെത്തിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരുമാസം മുമ്പും ഇതേ സ്ഥലത്ത് മാലിന്യം വ്യാപകമായി തള്ളിയിരുന്നു. പൊലീസും ആരോഗ്യ വകുപ്പും അന്ന് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായിരുന്നില്ല. ഇതേതുടർന്ന് നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു പ്രദേശം. പൊലീസ് റിപ്പോർട്ട് ബുധനാഴ്ച മങ്കര പഞ്ചായത്തിന് കൈമാറും. മേലിൽ ആവർത്തിക്കാതിരിക്കാൻ പിഴ ഈടാക്കി വാഹനം വിട്ടുകൊടുക്കുമെന്നും മുമ്പ് തള്ളിയ മാലിന്യം ഇവർതന്നെ നീക്കണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് എം.എൻ. ഗോകുൽദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.