പാലക്കാട്: ഇടനിലക്കാർ മുഖേന തമിഴ്നാട് നെല്ല് കേരളത്തിലേക്ക് കടത്തി സപ്ലൈകോക്ക് മറിച്ചുനൽകി വൻലാഭം കൊയ്യുന്ന സംഘങ്ങൾ ജില്ലയിൽ സജീവം. കിലോഗ്രാമിന് 17 രൂപ വരെ നിരക്കിൽ ലഭിക്കുന്ന തമിഴ്നാട് നെല്ല് സപ്ലൈകോക്ക് മറിച്ചുനൽകുന്നത് 27.48 രൂപക്കാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൻലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘങ്ങൾ കൊയ്ത്തുകാലത്ത് സജീവമാണെന്ന് കർഷകർ പറയുന്നു.
കിലോഗ്രാമിന് രണ്ടുരൂപ വരെയാണ് കർഷകർക്കുള്ള വാഗ്‌ദാനം. ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് വൻ തുകയും ഉയർന്ന വിലപ്പിടിപ്പുള്ള സാധനങ്ങളുമാണ് പാരിതോഷികം. മറ്റു വകുപ്പുകളിൽ ജോലി ചെയ്യുന്നവരാണ് ഡെപ്യൂട്ടേഷിനിൽ സപ്ലൈകോയിൽ എത്തുന്നത്. പിടിക്കപ്പെട്ടാൽ മാതൃവകുപ്പിലേക്ക് മാറി പ്രശ്നം ഒതുക്കിത്തീർക്കലാണ് പതിവ്. ജില്ലയിലെ വിളവെടുപ്പ് ഏപ്രിൽ 15ന് മുമ്പ് പൂർത്തിയാക്കിട്ടും നെല്ല് സംഭരിക്കുന്നതിലും ഈ നെല്ലിന് പി.ആർ.എസ് അനുവദിക്കുന്നതിൽ കാലതാമസം വരുന്നതും ഇത്തരത്തിൽ തട്ടിപ്പ് നടത്താനെന്ന് ആക്ഷേപമുണ്ട്. കൃഷിയിടത്തിന്‍റെ ഉൽപാദനക്ഷമതയുമായി സംഭരണത്തെ യോജിപ്പിക്കാൻ നടപടിയില്ലാത്തത് തട്ടിപ്പിന് ആക്കം കൂട്ടുകയാണ്.
കർഷക രജിസ്ട്രേഷന് വേണ്ടി വില്ലേജ് ഓഫിസുകളിൽനിന്ന് നൽകുന്ന കൈവശാവകാശ രേഖയിൽ നെൽകൃഷി പ്രത്യേകം വ്യക്തമാക്കാതെ ആകെ കൃഷിയിടം ഉൾപ്പെടുത്തുന്നതും ഇടനിലക്കാർക്ക് കൃത്രിമം നടത്താൻ സൗകര്യമാകുന്നു.
കൃഷിയിടത്തിന്‍റെ യഥാർഥ വിസ്തൃതിതി സംബന്ധിച്ച കണക്കുകളിലെ അപാകതയാണെന്ന് ഇതിന് കാരണമെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. വില്ലേജ് രേഖകളിൽ 'നിലം' എന്ന് കാണിക്കുന്ന പല സ്ഥലങ്ങളിലും മറ്റ് കൃഷികളാവും ചെയ്യുന്നുണ്ടാവുക. കർഷകന്‍റെ കൈവശമുള്ള ഭൂമിയിൽ നെൽകൃഷി മാത്രമുള്ള സ്ഥലം വ്യക്തമായി നിർണയിക്കാൻ തടസ്സങ്ങളുണ്ടെന്ന് വില്ലേജ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
റീസർവേ നടപടി പൂർത്തിയായ വില്ലേജുകളിൽ പോലും തണ്ണീർത്തട ഡേറ്റ ബാങ്കുകൾ കുറ്റമറ്റതല്ല. ഇതോടെ, കൈവശാവകാശ സർട്ടിഫിക്കറ്റിലെ കൃഷിഭൂമിയുടെ വിസ്തൃതിയനുസരിച്ച് സപ്ലൈകോക്ക് നെല്ല് നൽകാനുള്ള അനുമതി കർഷകർക്ക് ലഭിക്കുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഇടനിലക്കാർ അധിക നെല്ലുമായി കൃഷിക്കാരെ കൂട്ടുപിടിച്ച് സപ്ലൈകോക്ക് നെല്ലളക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.