പാലക്കാട്: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിനെ തുടർന്ന് ഓട്ടയടച്ച റോഡുകൾ വീണ്ടും തകർന്നു. നഗരസഭ പരിധിയിലെ കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാക്കിയ, റോഡുകൾ നവീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നഗരസഭയോട് ഉത്തരവിട്ടിരുന്നു.
ജല അതോറിറ്റിക്കും ഇതുസംബന്ധിച്ച് ഉത്തരവ് കൈമാറി. ഇതിനെ തുടർന്ന് താൽക്കാലികമായി റോഡുകൾ മെറ്റലിട്ട കുഴികൾ നികത്തിയിരുന്നു. ആഴ്ചകൾ കഴിഞ്ഞതോടെ മെറ്റൽ ഇളകി റോഡുകൾ കുഴികളായതോടെ യാത്ര വീണ്ടും ദുരിതത്തിലായി.
ഇതിനുപിറകെ ശക്തമായ കാറ്റിൽ റോഡിൽ പൊടി നിറയുന്നതും ഇരുചക്രവാഹന, കാൽനടക്കാരുടെയും യാത്ര ദുരിതത്തിലായി. അമൃത് പദ്ധതിയിൽ കുഴിച്ച റോഡുകൾ പൂർവ സ്ഥിതിയലെത്താൻ ആഴ്ചകൾ വേണ്ടിവരും.
കുണ്ടും കുഴികളും നിറഞ്ഞ റോഡിലുടെയുള്ള വാഹനങ്ങൾ നിരങ്ങി നീങ്ങുന്നത് ഓരോ യാത്രക്കാരെൻറയും നടുവൊടിക്കുന്ന സ്ഥിതിയാണുള്ളത്. ടെൻഡർ നടപടി പൂർത്തിയായെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് റോഡ് പുനരുദ്ധാരണം അനിശ്ചിതത്വത്തിലാണ്.
വിക്ടോറിയ കോളജ് ജങ്ഷൻ, കോളജ് റോഡ്, ബി.ഒ.സി റോഡ്, കോർട്ട് റോഡ്, റോബിൻസൺ റോഡ്, കെ.എസ്.ആർ.ടി.സി പരിസരം, വലിയങ്ങാടി എന്നിവിടങ്ങളിലെല്ലാം വൻകുഴികളാണ്.
ഇതേതുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. വലിയപാടം, മാട്ടുമന്ത, കൽപ്പാത്തി, വടക്കന്തറ, മൂത്താന്തറ, വെണ്ണക്കര, ഒതുങ്ങോട്, യാക്കര, പുതുപ്പള്ളിത്തെരുവ് എന്നിവിടങ്ങളിൽ ഇടറോഡുകളും പ്രധാന റോഡുകളും പൂർണമായി തകർന്നു.
അമൃത് പദ്ധതിയുടെ ഭാഗമായി റോഡുകൾ വെട്ടിപ്പൊളിച്ച ഭരണസമിതി കാലാവധി പൂർത്തിയാക്കി പണികൾ പാതിവഴിയിൽ നിർത്തി പടിയിറങ്ങി. പുതിയ ഭരണസമിതിയെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.