പറമ്പിക്കുളം: ചെമ്മണാമ്പതി-തേക്കടി വനപാത നിർമാണം വെള്ളിയാഴ്ച രാവിലെ ആരംഭിക്കും. തൊഴിലുറപ്പ് പദ്ധതിയിലൂടെ വനപാത നിർമാണത്തിന് വിദഗ്ധരുടെ സാങ്കേതിക അനുമതി ലഭിച്ചതോടെയാണ് ദീർഘകാലത്തെ ആദിവാസികളുടെ ആവശ്യം നടപ്പാകുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പാത നിർമാണം. ഗാന്ധിജയന്തി ദിനത്തിൽ തേക്കടി മേഖലയിലെ 200ലധികം ആദിവാസികൾ സ്ത്രീകൾ ഉൾപ്പെടെ വനപാത നിർമാണത്തിനായി നടത്തിയ റോഡ് വെട്ടൽ സമരമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാറിനെ എത്തിച്ചത്. 2.850 കിലോമീറ്ററുള്ള വനപാത നിർമാണത്തിന് 7356 തൊഴിൽദിനങ്ങളാണ് ഉള്ളത്. തേക്കടി മേഖലയിലെ 30 ഏക്കർ, കച്ചിതോട്, ഒറവൻപാടി, അല്ലിമൂപ്പൻ തുടങ്ങിയ കോളനികളിലുള്ളവർക്കാണ് തൊഴിലുറപ്പിലൂടെ വനപാത വെട്ടാൻ അനുവാദം. 340 പേർക്കാണ് തേക്കടി കോളനിയിൽ തൊഴിൽ കാർഡ് അനുവദിച്ചതെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു.
സമര വിജയം
പറമ്പിക്കുളം: വനപാത നിർമാണത്തിന് വഴിതെളിഞ്ഞത് ആദിവാസികളുടെ സഹനസമരം. ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിെൻറ ചിത്രവുമേന്തി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള തേക്കടി മേഖലയിലെ ആദിവാസികൾ നടത്തിയ വഴിവെട്ടൽ സമരമാണ് കലക്ടറുടെ ഇടപെടലിലൂടെ വനപാതക്ക് വഴിയൊരുക്കിയത്. ഒരാഴ്ചയിലധികം നീണ്ട വനപാത നിർമാണ സമരത്തിനിടെ ആർ.ഡി.ഒ, തഹസിൽദാർ, എ.എസ്.പി, ഡി.എഫ്.ഒ എന്നിവർ ചർച്ച നടത്തിയെങ്കിലും റോഡ് നിർമാണം ഉറപ്പ് ലഭിക്കാതെ വനപാത വെട്ടൽ സമരം നിർത്തിവെക്കില്ലെന്ന തീരുമാനത്തിൽ ആദിവാസികൾ ഉറച്ചുനിന്നു. എട്ട് വകുപ്പുകളിലായി നൂറോളം ആദിവാസികൾക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. സമരം തുടർന്നതിനാൽ കലക്ടറുമായി ചർച്ച നടത്തിയാണ് വനപാതക്കായി സർവേ വിവിധ വകുപ്പുകൾ നടത്തിയത്. പറമ്പിക്കുളം തേക്കടി മുടിവായ് മുതൽ ചെമ്മണാമ്പതി അടിവാരം വരെ 2850 മീറ്ററാണ് വനപാതക്ക് ആവശ്യമുള്ളത്. ആദിവാസികളുടെ വനപാത വെട്ടുന്ന സമരംമൂലം ചെമ്മണാമ്പതി അടിവാരത്തുനിന്ന് 1300 മീറ്റർ വരെ വനപാത നിർമാണം എത്തിയിരുന്നു. ആദിവാസികൾ വനപാത നിർമിച്ച് നിർത്തിവെച്ച പ്രദേശത്തുനിന്ന് തേക്കടി മുടിവായ് വരെ 2,180 മീറ്റർ വനപാത നിർമിച്ചാൽ ചെമ്മണാമ്പതി അടിവാരത്തുനിന്ന് തേക്കടിയിലെത്താം. വലിയ മണ്ണിടിച്ചൽ ഭീഷണികളൊന്നുമില്ലാതെ വനപാത നിർമിക്കാനാകുമെന്ന വിശ്വാസമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതായി മുതലമട പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.