കൊല്ലങ്കോട്: ഊട്ടറ പാലത്തിലെ അറ്റകുറ്റപ്പണികൾ ഏപ്രിലിൽ അവസാനിക്കും. പാലത്തിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ജനുവരി എട്ട് മുതൽ ഇതുവഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. പാലം അറ്റകുറ്റപ്പണിക്ക് 50 ലക്ഷം രൂപ സർക്കാർ അടിയന്തരമായി അനുവദിച്ചിരുന്നു.
പൊതുമരാമത്ത് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവിലൂടെയാണ് തുക വകയിരുത്തി പ്രവൃത്തി ദ്രുതഗതിയിൽ നടക്കുന്നത്. അവസാനഘട്ട പ്രവൃത്തിയാണ് തുടരുന്നത്. കുഴിയടക്കൽ, വശങ്ങൾ ബലപ്പെടുത്തൽ, ഗർത്തമുണ്ടായ സ്ഥലത്ത് സ്ലാബുകൾ പുതുതായി കോൺക്രീറ്റ് ചെയ്യൽ, പാലത്തിന്റെ അടിവശത്ത് തുരുമ്പെടുത്ത കമ്പികൾ പുറത്തുകാണുന്ന ഭാഗത്ത് കോൺക്രീറ്റ് പാക്കിങ് ചെയ്യുന്ന പ്രവൃത്തി എന്നിവയാണ് നടക്കുന്നത്.
തൂണുകൾ ബലപ്പെടുത്തി ഏപ്രിൽ ആദ്യവാരം ഗതാഗതയോഗ്യമാക്കുന്ന തരത്തിലാണ് അറ്റകുറ്റപ്പണികളെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി. ശിവൻ പറഞ്ഞു. ചെറുവാഹനങ്ങളും ബസ് ഒഴികെ പാസഞ്ചർ വാഹനങ്ങൾക്കും പോകാവുന്ന രീതിയിൽ പാലത്തിന്റെ ഇരുവശത്തും മൂന്നു മീറ്റർ ഉയരത്തിൽ ബാരിയർ സ്ഥാപിച്ചിട്ടുണ്ട്. ബസ്, വലിയ ടിപ്പർ, ടോറസ്, കണ്ടെയ്നർ വാഹനങ്ങൾ എന്നിവ കടന്നാൽ പാലത്തിന് വീണ്ടും തകരാറ് സംഭവിക്കുമെന്ന കണ്ടെത്തലാണ് ബാരിയർ സ്ഥാപിക്കാൻ കാരണം.
പാലം തുറക്കുന്നതോടെ ഇരുചക്ര വാഹനങ്ങൾക്കും സ്കൂൾ, ആംബുലൻസ് വാഹനങ്ങൾക്കും ആശ്വാസമാകും. എന്നാൽ, ബസ് സർവിസ് ആലമ്പള്ളം വഴി മാത്രമാകും. ചരക്ക് വാഹനങ്ങൾ നെന്മാറ, വണ്ടിത്താവളം വഴിയും തുടരും. പുതിയ ഊട്ടറ പാലത്തിന്റെ കരാർ നൽകാൻ അനുമതിയായെങ്കിലും നടപടി ആരംഭിച്ചിട്ടില്ല.
കിഫ്ബി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അനുമതിപത്രം സ്ഥലമുടമ നേരത്തെ നൽകിയതാണ്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് കരാർ നൽകാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്. കരാർ നടപടി പുർത്തിയായാൽ ഒരു വർഷത്തിനകം പുതിയ പാലം പൂർത്തീകരിക്കാനാകും. 20 കോടി രൂപയാണ് ഊട്ടറ പുഴ പാലത്തിനും റെയിൽവേ മേൽപാലത്തിനും കിഫ്ബി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.