കൊല്ലങ്കോട്: ഊട്ടറ പാലം 27ന് തുറക്കും. ഗായത്രിപുഴക്കു കുറുകെ സ്ഥാപിച്ച പാലത്തിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ജനുവരി എട്ടിന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. പാലം അറ്റകുറ്റപ്പണിക്കായി 50 ലക്ഷം രൂപയാണ് പൊതുമരാമത്ത് അനുവദിച്ചത്. കുഴിയടച്ച്, വശങ്ങൾ ബലപ്പെടുത്തി, ഗർത്തമുണ്ടായ സ്ഥലത്ത് സ്ലാബുകൾ പുതുതായി കോൺക്രീറ്റ് ചെയ്തെല്ലാമാണ് പാലം നവീകരിച്ചത്.
തൂണുകൾ ബലപ്പെടുത്തിയ പാലത്തിൽ ചെറുവാഹനങ്ങളും ബസ് ഒഴികെയുള്ള പാസഞ്ചർ വാഹനങ്ങൾക്കും കടക്കുന്ന രീതിയിൽ ഇരുവശത്തും മൂന്നു മീറ്റർ ഉയരത്തിൽ ബാരിയറും സ്ഥാപിച്ചു. ബസ്, വലിയ ടിപ്പർ, ടോറസ്, കണ്ടയ്നർ വാഹനങ്ങൾ എന്നിവ കടന്നാൽ പാലത്തിന് വീണ്ടും തകരാറ് സംഭവിക്കുമെന്ന കണ്ടെത്തലാണ് ബാരിയർ സ്ഥാപിക്കാൻ കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് പറഞ്ഞു.
പാലം തുറക്കുന്നതോടെ ഇരുചക്ര വാഹനം, സ്കൂൾ വാഹനം, ആംബുലൻസ് എന്നിവക്ക് ആശ്വാസമാകും. ബസ് സർവിസ് ആലമ്പള്ളം വഴിമാത്രമായി തുടരും. ചരക്ക് വാഹനങ്ങൾ നെന്മാറ, വണ്ടിത്താവളം വഴിയും തുടരും.പുതിയ ഊട്ടറ പാലത്തിന്റെ കരാർ നൽകാൻ അനുമതിയായെങ്കിലും കരാർ നടപടി ആരംഭിച്ചിട്ടില്ല. കിഫ്ബി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അനുമതിപത്രം സ്ഥലം ഉടമ നേരത്തെ നൽകിയതാണ്. കേരള റോഡ്സ് ആന്റ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണ് കരാർ നൽകുന്നതിനുള്ള അനുമതി സർക്കാർ നൽകിയത്.
20 കോടിരൂപയാണ് ഊട്ടറ പാലത്തിനും റെയിൽവേ മേൽപാലത്തിനുമായി കിഫ്ബി അനുവദി ച്ചത്. ഊട്ടറ റെയിൽവേ മേൽപാലത്തിന്റെ മണ്ണ് പരിശോധനകൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയി രുന്നു. കരാർ നടപടികൾ പുർത്തിയായാൽ ഒരു വർഷത്തിനകം പുതിയ പാലം നിർമാണം പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധിക്യതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.