കല്ലടിക്കോട്: വേനൽചൂട് കനത്തതോടെ കാടിറങ്ങുന്ന കാട്ടാനയും പുലിയും പന്നിയും ഉൾനാടൻ ഗ്രാമീണ മേഖലയിൽ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാവുന്നു. തച്ചമ്പാറ, കരിമ്പ, മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗശല്യം വർധിച്ചത്. കഴിഞ്ഞ ദിവസം അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ധോണിയിൽ രാത്രി പുലി തെരുവുനായെ പിടിച്ചു കൊണ്ടുപോയതായി നാട്ടുകാർ പറയുന്നു. പുലിയുടെ സാന്നിധ്യം തിരിച്ചറിയാൻ പറ്റുന്ന തരത്തിലുള്ള അടയാളങ്ങളൊന്നും പരിസരം സന്ദർശിച്ച വനപാലകർക്ക് കണ്ടെത്താൻ പറ്റിയിട്ടില്ല. ധോണിയിൽ തന്നെ മൂലയം വീട്ടിൽ ഷംസുദ്ദീന്റെ പശുകിടാവിനെ കൊന്ന് തൊട്ടടുത്ത കാട്ടിൽ ഉപേക്ഷിച്ചതും ദിവസങ്ങൾക്ക് മുമ്പാണ്.
തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയം കുണ്ടുംപൊട്ടിയിൽ നെടുംപുറത്ത് സണ്ണിയുടെ പറമ്പിൽ വളർത്തുനായെ പുലി കൊന്നിട്ട നിലയിൽ കണ്ടെത്തിയിരുന്നു. പാലക്കയം, ചീനിക്കപ്പാറ എന്നിവിടങ്ങളിൽ വളർത്തുമൃഗങ്ങളെ പിടികൂടുന്ന സംഭവങ്ങളും ആവർത്തിക്കുന്നു. ഉടമയുടെ പരാതി പ്രകാരം കുണ്ടംപൊട്ടി ഭാഗത്ത് വനപാലകരെത്തി പരിശോധിച്ചു. ഈ പ്രദേശത്ത് പുലിയെ പിടികൂടാൻ കെണി ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, ധോണിയിൽ നിരീക്ഷണ കാമറയും കൂടും സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള ശ്രമം ഫലം കണ്ടില്ല. നാലു ദിവസം മുമ്പ് മൂന്നേക്കർ പാറക്കൽ, ചെമ്പൻത്തിട്ട വഴി ശിരുവാണി പാതയിലെ പുതുക്കാട്ട് കാട്ടാനയിറങ്ങി ദേശീയപാത വരെ വന്ന് നേരം പുലരുംമുമ്പ് കാട്ടിലേക്ക് മടങ്ങി. കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല. ഞായറാഴ്ച രാത്രി 10 ഓടെ കല്ലടിക്കോട് കനാൽ പാതയിൽ ഓട്ടോക്ക് കുറുകെ കാട്ടുപന്നി ഓട്ടോ കനാലിൽ വീണ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. മണിക്കശ്ശേരി കീരിപ്പാറ ചെറുപറമ്പത്ത് മണികണ്ഠനാണ് പരിക്കേറ്റത്. ഇയാൾ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.