പാലക്കാട്: ഒരുവശത്ത് വന്യജീവികൾ, മറുവശത്ത് താളംതെറ്റിയ കാലാവസ്ഥ. ഇതിനെല്ലാം പുറമെ വിലയിടിവും ഒപ്പം സംഭരണവുമടക്കം വിഷയങ്ങളിൽ അധികൃതരുടെ അനാസ്ഥയും. ജില്ലയിലെ കർഷകരുടെ പ്രതിസന്ധികൾ നാൾക്കുനാൾ അധികരിക്കുകയാണ്.
വൈവിധ്യങ്ങളാർന്ന കാർഷിക സംസ്കാരങ്ങളും വിളകളും ഉള്ളതുകൊണ്ടുതന്നെ കൃത്യമായ പദ്ധതി ആസൂത്രണവും സമയബന്ധിതമായ നടപ്പാക്കലും തന്നെയാണ് പോംവഴി. ദുരിതങ്ങൾ മാത്രം വിളയുന്ന ജില്ലയുടെ കൃഷിയിടങ്ങളിൽ വിജയഗാഥകളേക്കാൾ പ്രതിഷേധ സ്വരങ്ങളാണ് ഉയരുന്നത്. തദ്ദേശീയ ഭരണകൂടങ്ങൾ മുതൽ എം.പിമാരും എം.എൽ.മാരുമടക്കമുള്ളവർക്ക് മുന്നിൽ എക്കാലവും കീറാമുട്ടിയാണ് ജില്ലയിലെ കാർഷിക പ്രതിസന്ധികൾ.
കാർഷിക ജില്ലയായിട്ടും ഇവിടെ പ്രത്യേക പാക്കേജ് അവതരിപ്പിക്കാൻ പോലും ഭരണകൂടത്തിനായിട്ടില്ല. 65,000 ഹെക്ടര്‍ ഭൂമിയിലാണ് മൂന്ന് സീസണുകളിലായി ജില്ലയില്‍ നെല്ല് ഉൽപാദിപ്പിക്കുന്നത്. കേരളത്തില്‍ കുട്ടനാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ കാര്‍ഷിക പാക്കേജ് നടപ്പാക്കിയിരുന്നു. ജില്ലക്ക് സമഗ്ര കാര്‍ഷിക പാക്കേജ് വേണമെന്ന് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. ഇതിന് പുറമെ തോട്ടം വിളകളടക്കമുള്ളവയുടെ ഉൽപാദനവും പച്ചക്കറിയും നാളികേരവും റബറും ജില്ലയിൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. വി.കെ. ശ്രീകണ്ഠൻ എം.പി ജില്ലക്ക് കാർഷിക പാക്കേജ് എന്ന ആവശ്യം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. വിവിധ തെരഞ്ഞെടുപ്പുകളിൽ സജീവ ചർച്ചയാവാറുണ്ടെങ്കിലും വിസ്മരിക്കപ്പെടുകയാണ് പതിവ്.
താളംതെറ്റിയ കാലാവസ്ഥക്കൊപ്പം കാടിറങ്ങുന്ന വന്യമൃഗങ്ങളും ചേരുമ്പോൾ കൃഷിയിടത്തിൽ വിളയുന്നത് നിരാശയാണ്. വനമേഖലകളിലെ മനുഷ്യരുടെ കടന്നുകയറ്റത്തിനൊപ്പം തകരാറിലായ ജൈവസന്തുലനവും ഒട്ടൊന്നുമല്ല പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നത്. വേട്ടക്കാരായ മൃഗങ്ങളുടെ എണ്ണം കുറഞ്ഞതിനൊപ്പം പന്നികളുടെ വേഗത്തിലുള്ള പ്രജനനവും കൂടിയായതോടെ കർഷകർ ശരിക്കും വെട്ടിലായി. കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി, നെന്മാറ എന്നിങ്ങനെ പ്രധാന കാർഷികമേഖലകളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്. പ്രതിസന്ധിയിലായ കർഷകരിൽ പലരും കൃഷി തന്നെ ഉപേക്ഷിച്ചു. കാട്ടുപന്നി ശല്യം വർധിച്ചതോടെ പുതിയതായി തെങ്ങിൻ തൈകൾ പോലും നടാനാവാത്ത സ്ഥിതി. നടുന്ന തൈകൾ പന്നികളെത്തി കുത്തിമറിച്ചിടും. കർഷകരിൽ പലരും ഭക്ഷ്യവിളകളുടെ കൃഷി നിർത്തി. നെല്ലും കപ്പയും മധുരക്കിഴങ്ങും നട്ട കൃഷിയിടങ്ങളിൽ പലതിലും കമുകും റബറുമടക്കം പരീക്ഷിക്കേണ്ട സ്ഥിതിയിലാണെന്ന് മലമ്പുഴ പപ്പാടി പാടശേഖരത്തിലെ കർഷകൻ വിനോദ് പറയുന്നു. വനമേഖലകൾ വേലികെട്ടി സംരക്ഷിക്കുക മാത്രമാണ് പോംവഴിയെന്ന് അലനല്ലൂർ എടത്തനാട്ടുകര സ്വദേശി ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വനാതിർത്തിയിൽ ഭക്ഷ്യവിളകളുടെ കൃഷി വർധിച്ചതോടെ ആനയടക്കം നാട്ടിലിറങ്ങുന്നത് പതിവാണ്. മലമ്പുഴ, മംഗലം ഡാമിലെ കുഞ്ചിയാർപ്പതി, പപ്പടപ്പാറ, പോത്തൻതോട്, തിപ്പിലിക്കയം, കല്ലടിക്കോടിന്റെ ഉൾപ്രദേശങ്ങൾ, അലനല്ലൂർ, അട്ടപ്പാടിയുടെ മലയോര മേഖലകൾ എന്നിവിടങ്ങളിൽ ആനശല്യം രൂക്ഷമാണ്. ഇതിൽ മംഗലം ഡാം മേഖലയിൽ മാത്രം ആറുമാസത്തിനിടെ കാട്ടാനകൾ നശിപ്പിച്ചത് 500 ഏക്കറിലധികം കൃഷിയാണ്.
ആനശല്യം രൂക്ഷമായതോടെ രാത്രി മലയോര വീടുകളിൽ താമസക്കാരില്ലാതായി. വീടിന് ചുറ്റും ലൈറ്റ് തെളിച്ച് താഴെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമാണ് കർഷകർ രാത്രി കഴിച്ചുകൂട്ടുന്നത്. വനത്തിൽനിന്ന് മൂന്നും നാലും കിലോമീറ്റർ താഴെയിറങ്ങിയാണ് ആനകളുടെ ഈ വിളയാട്ടം. പകൽ കാട്ടിലേക്ക് മാറുന്ന ആനകൾ സന്ധ്യ മയങ്ങുന്നതോടെയാണ് നാട്ടിലിറങ്ങുന്നത്. തളികകല്ലിലും നെല്ലിയാമ്പതിയിലും വഴിയിൽ പകലും ആനയുണ്ടാകും. വനാതിർത്തികളിൽ സൗരോർജവേലി കാര്യക്ഷമമാക്കി ആനകളെ കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
2020ൽ സർക്കാർ തീരുമാനം നടപ്പാക്കിയത് മുതൽ 2022 മേയ് വരെ മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന വനംവകുപ്പ് ഈസ്റ്റേൺ സർക്കിളിൽ 1,382 കാട്ടുപന്നികളെ വെടിവച്ചുകൊന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവുമധികം പന്നികളെ കൊന്നത് നിലമ്പൂർ സൗത്ത് ഡിവിഷനിലാണ്, 400 എണ്ണം. കുറവ് മണ്ണാർക്കാട് ഡിവിഷനിലും, 68 എണ്ണം. പാലക്കാട്, നെന്മാറ, നിലമ്പൂർ നോർത്ത് ഡിവിഷനുകളിൽ 374, 287, 253 എന്നിങ്ങനെയാണ് കണക്ക്. 10 വർഷത്തിനിടെ 8,557 പേർ കാട്ടുപന്നിയുൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിനിരയായി.
ആനകളുടെ ആക്രമണത്തിൽ മലമ്പുഴയിലുൾപ്പെടെ ജില്ലയിൽ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ജൂൺ 15ന് അട്ടപ്പാടിയിൽ കാട്ടുപന്നി ആക്രമണത്തിന് വിധേയനായ യുവാവിന്റെ മൃതശരീരത്തിൽ ആന്തരികാവയവങ്ങൾ പോലുമില്ലാതിരുന്നത് വാർത്തയായിരുന്നു. 2022 മേയ് 28ന് കാട്ടുപന്നിയെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി ചെയർമാൻ, കോർപറേഷൻ മേയർ എന്നിവർക്ക് അനുയോജ്യ മാർഗങ്ങളിലൂടെ കൊല്ലാൻ അനുമതി നൽകുന്നതായിരുന്നു ഉത്തരവ്. എന്നാൽ പിന്നീട് അപര്യാപ്തതകളിൽ കുരുങ്ങിയ പദ്ധതികൾ ഇഴയുന്നതായിരുന്നു കാഴ്ച.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ അയച്ച പട്ടികയിൽ പാലക്കാട്ട് കാട്ടുപന്നി ശല്യം രൂക്ഷമായ ഹോട്സ്പോട്ടായി പ്രഖ്യാപിച്ച 28 വില്ലേജുകളാണുള്ളത്. ലെക്കിടി പേരൂർ, ഒറ്റപ്പാലം നഗരസഭ, വടക്കൻ വെള്ളിനേഴി, ചെർപ്പുളശേരി, വാണിയംകുളം ഒന്ന്, രണ്ട് വില്ലേജുകൾ, തൃത്താല, കള്ളമല, പുതൂർ, അഗളി, കോട്ടത്തറ, പാലക്കയം, തെങ്കര, അലനല്ലൂർ, കോട്ടോപ്പാടം, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട-ഒന്ന്, വല്ലങ്ങി, കിഴക്കഞ്ചേരി ഒന്ന്, രണ്ട് വില്ലേജുകൾ, മംഗലംഡാം, കുത്തനൂർ, തരൂർ, മങ്കര, പറളി രണ്ട് വില്ലേജ്, കുലുക്കല്ലൂർ, തിരുവേഗപ്പുറ എന്നിവയാണ് ജില്ലയിലെ ഹോട്സ്പോട്ട് വില്ലേജുകൾ.
വനം വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കാട്ടുപന്നിശല്യം രൂക്ഷമായ ഇടങ്ങളിൽ കൊട്ടിഘോഷിച്ച് കാട്ടുപന്നികളെ വെടിവെച്ച് കൊന്നെങ്കിലും സേനാംഗങ്ങളുടെ കുറവും കാലാവധി കഴിഞ്ഞ തോക്കിന്റെ ലൈസൻസ് പുതുക്കി ലഭിക്കാത്തതും തിര അനുവദിക്കാത്തതും സഞ്ചരിക്കാനുള്ള വാഹനം ഇല്ലാത്തതുമെല്ലാം വെല്ലുവിളിയായതോടെ പലയിടത്തും പദ്ധതി നിലച്ച മട്ടാണ്. അതത് പ്രദേശത്തെ ലൈസൻസുള്ള തോക്ക് ഉടമകൾ ഉൾപ്പെടെ ആളുകളെ ഉൾപ്പെടുത്തി എം പാനൽ തയാറാക്കിയെങ്കിലും രാവ് പുലരുവോളം വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അലയണമെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം പേരും ഒഴിവായത് വെല്ലുവിളിയായി. ഉള്ളവരിൽ തന്നെ വർഷത്തിൽ ഒരാൾക്ക് ലഭിക്കുന്നത് പരമാവധി 200 തിര മാത്രമാണ്. ഒരു പന്നിക്ക് ഒന്നിലേറെ ബുള്ളറ്റ് ആവശ്യമായി വരുന്നതിനാൽ വേട്ടക്കിറങ്ങുമ്പോൾ ഉണ്ടകളുടെ എണ്ണം ക്ലിപ്തപ്പെടുത്താനും കഴിയാത്ത അവസ്ഥയുണ്ടെന്ന് തോക്ക് ലൈസൻസികൾ പറയുന്നു. ജില്ലയിൽ വനംവകുപ്പിന്റെ എം പാനലിൽ ഉൾപ്പെട്ട ലൈസൻസുള്ള 108 തോക്കുടമകളുണ്ട്. വനംവകുപ്പ് ഡിവിഷനുകളായ മണ്ണാർക്കാട് 23, പാലക്കാട് 38, നെന്മാറ 47 എന്നിങ്ങനെയാണ് എം പാനൽ തോക്കുടമകളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.