മുണ്ടൂർ: കവയിലും പരിസരങ്ങളിലും കാട്ടാനക്കൂട്ടം വിലസുന്നത് പതിവായതോടെ ദ്രുതപ്രതികരണ സേനയെ വനം വകുപ്പ് വിന്യസിച്ചു. കാട്ടാനയുടെ നീക്കം നിരീക്ഷിച്ച് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനാണ് വാളയാർ വനം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് തമ്പടിച്ചിട്ടുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി ആർ.ആർ ടീമിന്റെ പ്രവർത്തനം ക്രമീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലമ്പുഴ ഡാം പരിസരത്ത് കാട്ടാനയുടെ ആക്രമണത്തിൽ മലമ്പുഴ കൊട്ടെക്കാട്ട് ആരംകോട്ട് കുളമ്പിലെ ചന്ദ്രന്റെ താടിയെല്ല് തകർന്നിരുന്നു. തലനാരിഴക്കാണ് ചന്ദ്രന് ജീവൻ തിരിച്ച് കിട്ടിയത്. മദപ്പാടുള്ള പാലക്കാട് കാട്ടുകൊമ്പൻ -പി.ടി 14 ആണ് മത്സ്യത്തൊഴിലാളിയായ ചന്ദ്രനെ ആക്രമിച്ചത്.
നൂറിലധികം മത്സ്യത്തൊഴിലാളികൾ മലമ്പുഴ ഡാം കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്നുണ്ട്. അതിരാവിലെ തന്നെ ഡാം പരിസരത്ത് എത്തുന്ന കാട്ടാനക്കൂട്ടം ഇവരുടെ ഭീതി കൂട്ടുകയാണ്. കൂടാതെ മലമ്പുഴ കവയിൽ എത്തുന്ന സഞ്ചാരികൾക്കും കാട്ടാന സാന്നിധ്യം കടുത്ത ഭീഷണിയാണ്.
ഇതിന് പുറമെ തൊട്ടടുത്ത പറമ്പുകളിലും മറ്റും കാർഷിക വിളകൾ ചവിട്ടിമെതിച്ചും പിഴുതിട്ടും കാട്ടാനകൾ നശിപ്പിക്കുന്നത് കർഷകർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അകത്തേത്തറ, മലമ്പുഴ കരടിയോട് പ്രദേശങ്ങളിൽ ഒരു കുട്ടിയാനയടക്കം ഏഴ് കാട്ടാനകളാണ് കൂട്ടത്തോടെ എത്തിയത്. പി.ടി 14 ആറു വർഷം മുമ്പ് ആരംകോട്ട് കുളമ്പിൽ ഒരാളെ കൊന്നിരുന്നു. ഈ പ്രദേശങ്ങളിൽ ഒറ്റക്കും കൂട്ടമായും ജനവാസസ്ഥലങ്ങളിൽ കറങ്ങുന്ന കാട്ടുകൊമ്പൻ നാലിലധികം കർഷകരുടെ വിളകളാണ് നശിപ്പിച്ച് കാട് കയറിയത്.
ഒറ്റയാനാണെങ്കിൽ കാട്ടാനയുടെ നാട്ടിൻപുറങ്ങളിലെ സഞ്ചാരപാതകൾ കേന്ദ്രീകരിച്ച് പ്രതിരോധം തീർക്കാനാവും. ആറ് മുതൽ 11 വരെ കാട്ടാനകൾ പല ദിവസങ്ങളിൽ ജനവാസ മേഖലക്കടുത്താണ് എത്തുന്നത്. പടക്കം പൊട്ടിച്ചും തീപന്തം ഉയർത്തിക്കാട്ടിയും ഒരു ഭാഗത്തിറങ്ങിയവയെ തുരത്തുമ്പോൾ ചിലത് കൂട്ടം തെറ്റി ചിതറി ഓടാനും സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.