നെല്ലിയാമ്പതി: കൈകാട്ടി മുതൽ പാടഗിരി വരെയുള്ള ഭാഗങ്ങളിൽ കാട്ടാന ശല്യം വർധിക്കുന്നതായി നാട്ടുകാർ. രാത്രികാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനക്കൂട്ടം തമ്പടിക്കുന്നതും സ്ഥിരം സംഭവമാണ്.പകൽ സമയത്ത് പാടഗിരിയിലെ വീട്ടിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കാട്ടാന എടുത്തുകൊണ്ടു പോയതായി കഴിഞ്ഞ ദിവസം നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
വീടുകൾക്ക് നാശനഷ്ടമുണ്ടാക്കിയില്ലെങ്കിലും വീടുകൾക്ക് സമീപം കാട്ടാന തുടരുന്നത് കുട്ടികളും സ്ത്രീകളുമടക്കമുള്ള കുടുംബാംഗങ്ങളെ ഭീതിയിലാഴ്ത്തുന്നതായി പാടഗിരി വാസികൾ പറയുന്നു. വനം വകുപ്പ് അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും ഏറെ നേരത്തെ പരിശ്രമംകൊണ്ടാണ് കാട്ടാനകൾ പിൻമാറുന്നത്. എന്നാൽ, ഏറെക്കഴിയും മുമ്പ് അവ അതേ സ്ഥാനത്ത് തിരിച്ചെത്തുന്നതും പതിവാണ്.
സൂര്യ നഗറിൽ പുലിയും കുഞ്ഞും
അകത്തേത്തറ: ഗ്രാമപഞ്ചായത്തിലെ ധോണി ഉമ്മിനിക്കടുത്ത് സൂര്യ നഗറിൽ പുലിയും കുഞ്ഞും ഇറങ്ങിയതായി നാട്ടുകാർ.മുമ്പ് പുലി ഇറങ്ങിയ ശാന്തിനഗറിനടുത്താണ് ഇത്തവണയും പുലി സാന്നിധ്യം. ബുധനാഴ്ച പുലർച്ച 4.45ഓടെ നായുടെ കുര കേട്ട് വീടിന് പുറത്തിറങ്ങിയ ശാന്തിനഗർ നിവാസിയായ ലോകനാഥനാണ് പുലിയും കുഞ്ഞും പോകുന്നത് കണ്ടതായി പറയുന്നത്. കാടുകൾ വെട്ടി നീക്കിയതിനാൽ തൊട്ടടുത്ത സ്ഥലമായ ശാന്തിനഗറിലെ ഷട്ടിൽ കോർട്ടിനു സമീപം രണ്ട് പുലികൾ പോകുന്നത് കാണാമായിരുന്നുവെന്ന് ലോകനാഥൻ പറഞ്ഞു.വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെയും പുലിക്കുട്ടിയുടെയും കാൽപാടുകൾ സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കുള്ളിൽ അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലി ഇറങ്ങി വളർത്താടുകളെയും വളർത്തു നായ്ക്കളെയും പിടികൂടി കൊന്ന് തിന്നിരുന്നു. പുലി സാന്നിധ്യം ജനങ്ങളിൽ ഭീതി വളർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.