ആമ്പല്ലൂര്‍: വരന്തരപ്പിള്ളി കള്ളിച്ചിത്ര ആദിവാസി കോളനിയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. കാടത്ത് രാജന്, മലയന്‍ ലീല, ബാലന്, ചേനയ്ക്കാട് അയ്യപ്പന് എന്നിവരുടെ വാഴകൃഷിയാണ് നശിപ്പിച്ചത്. കുട്ടികള്‍ ഉള്‍പ്പടെ ആറ് ആനകളാണ് കോളനിയില്‍ ഇറങ്ങി നാശംവിതച്ചത്.
ചിമ്മിനി ഡാം നിർമാണവുമായി ബന്ധപ്പെട്ട് കാട്ടില്‍നിന്ന് കുടിയൊഴിപ്പിച്ച് പുനരധിവസിപ്പിച്ച 34 കുടുംബങ്ങളാണ് കള്ളിച്ചിത്ര കോളനിയില്‍ താമസിക്കുന്നത്. വീടുകള്‍ക്ക് ചുറ്റും കാട്ടാനകള്‍ ഇറങ്ങിയതോടെ കോളനിവാസികള്‍ ഭീതിയിലാണ്. കഴിഞ്ഞയാഴ്ച കോളനിക്ക് സമീപം 100 മീറ്റര്‍ അകലെ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്ന് ടാപ്പിങ് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.
പകല്‍സമയത്തും കോളനിയുടെ പരിസരത്തായി കാട്ടാനകള്‍ തമ്പടിക്കുന്നതായി കോളനിക്കാര്‍ പറയുന്നു. കോളനിവാസികളുടെ പരാതിയില്‍ പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷമീറിെൻറ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തിയിരുന്നു. മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ശനിയാഴ്ച രാവിലെ ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ ചര്‍ച്ച നടക്കും.
കാട്ടാനകള്‍ ചിമ്മിനി ഡാം റോഡില്‍ ഇറങ്ങി ഗതാഗതതടസ്സം സൃഷ്ടിക്കുന്നതിനാൽ കോളനിക്കാരും നാട്ടുകാരും ഏറെ ദുരിതമാണ് അനുഭവിക്കുന്നതെന്ന് ആദിവാസി സമിതി ജില്ല പ്രസിഡൻറ് എം.എന്‍. പുഷ്പന്, കള്ളിച്ചിത്ര കോളനി മൂപ്പന് എം.കെ. ഗോപാലന് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.