അലനല്ലൂർ: തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ കാട്ടാനയിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു. താളിയില്‍ ഇപ്പു, അബ്ദുകുട്ടി എന്നിവരുടെ കായ്ഫലമുള്ള നിരവധി തെങ്ങുകളാണ് ഒറ്റരാത്രി കൊണ്ട് ഒറ്റയാന് നിലംപരിശാക്കിയത്. ശനിയാഴ്ച രാത്രിയിലാണ് പിലാച്ചുള്ളി പാടത്ത് കാട്ടാന ഇറങ്ങിയത്. വലിയ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. കൃഷിനാശമുണ്ടായ സ്ഥലം മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് സന്ദര്‍ശിച്ചു.
മഴക്കാലമായതോടെ കച്ചേരിപ്പറമ്പ് മേഖലയില്‍ കാട്ടാനശല്യവും രൂക്ഷമാവുകയാണ്. ഒരാഴ്ച മുമ്പ് പിലാച്ചുള്ളി പാടത്തെത്തിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിച്ചിരുന്നു. സൈലന്റ് വാലി വനമേഖലയില്‍ നിന്നെത്തിയ കുട്ടിയാനകള്‍ ഉള്‍പ്പെട്ട ഇരുപതംഗ സംഘം മേഖലയില്‍ ഭീതിപരത്തിയിരുന്നു. പാണക്കാടന് റിസര്‍വ് വനത്തില്‍ തമ്പടിച്ചിരുന്ന ഇവയെ വനപാലകര്‍ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
ഇപ്പോള്‍ ആറ് ആനകളാണ് വീണ്ടും കാടിറങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ആനക്കൂട്ടം മുളകുവള്ളത്തെത്തിയിരുന്നു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ ഇവയെ നെല്ലിക്കുന്ന് ഭാഗത്തേക്ക് തുരത്തി. ഇവ എഴുത്തള്ളി വഴി പാണക്കാടന് വനത്തിലേക്കാണ് കയറിയത്. ഈ കാട്ടാനക്കൂട്ടമായിരിക്കും കഴിഞ്ഞ ദിവസം പുളിച്ചിപ്പാറയിൽ എത്തിയതെന്നാണ് കരുതുന്നത്. ജനവാസ മേഖലയിലേക്കെത്തുന്ന കാട്ടാനക്കൂട്ടത്തെ വനപാലകരെത്തി കാട് കയറ്റാറുണ്ട്.
മരങ്ങളും മറ്റും തള്ളിയിട്ട് വനാതിര്‍ത്തിയിലെ ഫെന്‍സിങ് തകര്‍ത്താണ് കാട്ടാനകള്‍ ജനവാസമേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും വരുന്നത്. കച്ചേരിപ്പറമ്പ് ഭാഗത്ത് എല്ലാദിവസവും കാട്ടാനകളെത്തുന്നുണ്ട്. പടക്കം പൊട്ടിച്ചാലും ബഹളമുണ്ടാക്കിയാലും ഇവക്ക് കൂസലില്ല. കാട്ടാനകളുടെ കാടിറക്കത്തിന് തടയിടാന്‍ ശക്തമായ പ്രതിരോധ സംവിധാനം വനാതിര്‍ത്തിയില്‍ സ്ഥാപിക്കണമെന്ന ആവശ്യം കാലങ്ങളായി ശക്തമാണ്. കാട്ടാനകളെ പേടിച്ച് കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.