അലനല്ലൂർ: ശക്തമായ കാറ്റിലും മഴയിലും അലനല്ലൂരിൽ വ്യാപക നാശം. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ഉണ്ടായ ശക്തമായ കാറ്റാണ് നാശം വിതച്ചത്. എടത്തനാട്ടുകര വട്ടമണ്ണപ്പുറം അണയംകോട് കോളനിയിലെ വഞ്ചിമലയിൽ സൗമ്യയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. സമീപത്തെ ഈറൻപന വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. അടുക്കള ഭാഗം പൂർണമായും നിലംപൊത്തി. അപകടസമയം വീട്ടിലുള്ളവർ വീടിന് മുൻവശത്തായതിനാൽ ആളപായമില്ല.
അലനല്ലൂർ കാര്യവട്ടം സംസ്ഥാനപാത വഴങ്ങല്ലിയിൽ മരം വീണ് ഗതാഗതം മുടങ്ങി. അംഗൻവാടിക്ക് സമീപം നാലോടെയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കൂറ്റൻ തേക്ക് കടപുഴകി റോഡിന് കുറുകെ വീണത്. 33 കെ.വി ലൈനിന് മുകളിലേക്ക് പതിച്ചതോടെ മൂന്ന് വൈദ്യുതി കാലുകളും തകർന്നു. ഈ സമയം റോഡിൽ വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. വട്ടമ്പലത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്നാണ് മരം മുറിച്ചു നീക്കിയത്. ഒരു മണിക്കൂറോളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാത ഉണ്ണിയാൽ ഷാപ്പുംപടിയിൽ മരം വൈദ്യുതി ലൈനിന് മുകളിലേക്ക് പൊട്ടി വീണു. ഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് മുറിച്ച് മാറ്റി. അലനല്ലൂർ പെട്രോൾ പമ്പിനു സമീപത്തെ കൊട്ടാരം ഫർണിച്ചറിലെ ഗ്ലാസുകൾ കാറ്റിൽ തകർന്നു വീണു. മുകൾ ഭാഗത്തെ ആറ് ഗ്ലാസുകളാണ് തകർന്നത്. തകർന്ന ഗ്ലാസുകൾ വീണ് മേശയുടെ ഗ്ലാസും രണ്ട് ഫൈബർ കസേരയും തകർന്നതായും ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും ഉടമ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.