പാലക്കാട്: ആർ.എസ്.എസ് പോലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള തിരക്കഥയാണ് സുബൈർ വധത്തിൽ പൊലീസിന്‍റേതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ കണ്ണൂർ. പൊലീസ് സംരക്ഷിക്കുമെന്ന ഉറപ്പാണ് ആർ.എസ്.എസിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊലീസിലെ സംഘ്പരിവാർ ബാധയുള്ള ചിലർ ഉത്തരേന്ത്യയിലേതിന് സമാനമായി കേരളത്തിൽ ആർ.എസ്.എസിന് ഒത്താശ ചെയ്യുകയാണ്. ആർ.എസ്.എസുകാർ കൊല്ലപ്പെട്ട സംഭവത്തിലും ആർ.എസ്.എസുകാരാൽ കൊല്ലപ്പെട്ട സംഭവത്തിലും രണ്ടുതരത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഗൂഢാലോചനയും ആയുധം നൽകിയതുമടക്കം കാര്യങ്ങൾ സുബൈർ വധക്കേസിൽ അന്വേഷിക്കുന്നില്ല. വിഷയത്തിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും. എസ്.ഡി.പി.ഐ ജില്ല ഓഫിസ് റെയ്ഡ് ചെയ്ത പൊലീസ് ആർ.എസ്.എസ് ഓഫിസ് റെയ്ഡ് ചെയ്യാൻ തയാറാകുമോ എന്നും അബ്ദുൽ ജബ്ബാർ ചോദിച്ചു. അനിവാര്യമെങ്കിൽ പാലക്കാട്ട് നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങാനും പ്രവർത്തകർ തയാറാകുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിമാരായ പി.ആർ. സിയാദ്, കൃഷ്ണൻ എരഞ്ഞിക്കൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.