അരയാഞ്ഞിലിമണ്ണിലും കുരുമ്പൻമൂഴിയിലും ഭക്ഷ്യക്കിറ്റ് എത്തിക്കും -എം.എൽ.എ

വടശ്ശേരിക്കര: കോസ്​വേകൾ മുങ്ങി ഒറ്റപ്പെട്ട അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് എത്തിക്കുന്നതിന് നടപടിയായതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതോടെയാണ്​ കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ കോസ്​വേകൾ മുങ്ങിയത്​. ഇതോടെ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്​. രണ്ട്​ പ്രദേശങ്ങളുടെയും മൂന്നുവശവും ശബരിമല വനവും ഒരുവശം പമ്പാ നദിയുമാണ്. പെരുനാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന അരയാഞ്ഞിലിമണ്ണിലും നാറാണംമൂഴി പഞ്ചായത്തിൽ ഉൾപ്പെടുന്ന കുരുമ്പൻമൂഴിയിലും ആദിവാസികൾ ഉൾപ്പെടെ 400ഓളം കുടുംബങ്ങളാണുള്ളത്. പ്രളയത്തിൽ വെള്ളം ഉയരുന്നതോടെ ഇവിടം ദിവസങ്ങളോളം ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയാണ്​. എം.എൽ.എയുടെ നിർദേശപ്രകാരം പട്ടികവർഗ വികസന വകുപ്പ് ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തിരുന്നു. പ്രദേശങ്ങൾ ദിവസങ്ങളോളം ഒറ്റപ്പെട്ട സാഹചര്യത്തിൽ ജനറൽ വിഭാഗങ്ങൾക്കും ഭക്ഷ്യക്കിറ്റ് അടിയന്തരമായി നൽകണമെന്ന് എം.എൽ.എ ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോർജിനോട് അഭ്യർഥിച്ചു. ഇതിനെ തുടർന്നാണ് നടപടി. ഭക്ഷ്യക്കിറ്റ് വിതരണത്തിന് സിവിൽ സപ്ലൈസ്​ വകുപ്പിനെയും ദുരന്തബാധിതരുടെ പട്ടിക തയാറാക്കുന്നതിന് തഹസിൽദാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.