കൗൺസിലർക്ക്​ മുൻകൂർ ജാമ്യം

പത്തനംതിട്ട: മുനിസിപ്പൽ സെക്രട്ടറിയുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ കൗൺസിലർ വി.ആർ ജോൺസണിന്​​ മുൻ‌കൂർ ജാമ്യം. നഗരസഭ സെക്രട്ടറി ഷേർള ബീഗത്തിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആരോപണ വിധേയനായ പത്തനംതിട്ട നഗരസഭ ഏഴാം വാർഡ് കൗൺസിലർ വി.ആർ. ജോൺസണിനാണ്​ പത്തനംതിട്ട ജില്ല കോടതി മുൻ‌കൂർ ജാമ്യം നൽകിയത്​. ജൂലൈ 23നാണ് കേസിന്​ ആസ്പദമായ സംഭവം. അന്ന്​ ചേർന്ന നഗരസഭ കൗൺസിൽ യോഗം യു.ഡി.എഫ് കൗൺസിലർമാർ തടസ്സപ്പെടുത്തുകയും നഗരസഭ ഹാളിലെ ഡെസ്​ക്കും മൈക്കും കസേരയും ഉൾപ്പെടെ തകർക്കുകയും ചെയ്തിട്ടും അവർക്കെതിരെ കേസ് കൊടുക്കാൻ മുതിരാത്ത ചെയർമാനും സെക്രട്ടറിയുമാണ് വിചിത്രമായ സംഭവങ്ങൾ പറഞ്ഞ് സി.പി.എം കൗൺസിലർ വി.ആർ ജോൺസണിന് എതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി മൊഴി നൽകിയതെന്ന്​ അഡ്വ. ബി. അരുൺ ദാസ് കോടതിയിൽ ജോൺസണിന് വേണ്ടി വാദിച്ചു. ജോൺസന്റെ പ്രവൃത്തി കുറ്റകൃത്യം ചെയ്യണമെന്ന് ഉദ്ദേശ്യത്തോടെ അല്ലായിരുന്നെന്നും അതുമൂലം സെക്രട്ടറിയുടെ ഡ്യൂട്ടിക്ക് തടസ്സം നേരിട്ടില്ലെന്നും ജനകീയ പ്രശ്നങ്ങൾ സെക്രട്ടറിയുടെ മുന്നിൽ ഉന്നയിക്കാൻ കൗൺസിലർക്ക് അവകാശം ഉണ്ടെന്നും നിരീക്ഷിച്ച ജില്ല കോടതി ജഡ്ജി (അഡീഷനൽ - 1) ജയകുമാർ ജോൺ.എസ് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി നിർദേശത്തെ തുടർന്ന് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഹാജരായ വി.ആർ ജോൺസണിനെ ആൾജാമ്യത്തിൽ വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.