പത്തനംതിട്ട: ജില്ലയിലെ 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ല ആസൂത്രണ സമിതി ചെയർമാനായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂർ ശങ്കരന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ല ആസൂത്രണ സമിതി യോഗമാണ് അംഗീകാരം നൽകിയത്. 50 ഗ്രാമ പഞ്ചായത്തുകൾ, എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ, നാല് നഗരസഭകൾ, ജില്ല പഞ്ചായത്ത് എന്നിവയുടെ വാർഷിക പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പുറമറ്റം, ഏനാദിമംഗലം, കടമ്പനാട് ഗ്രാമപഞ്ചായത്തുകൾ വാർഷിക പദ്ധതി ഇതുവരെ സമർപ്പിച്ചിട്ടില്ല. വാർഷികപദ്ധതി സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് മൂന്നിന് ആയിരുന്നു. പദ്ധതികളുടെ പുരോഗതി ജില്ല കലക്ടർ ഡോ. ദിവ്യ. എസ്. അയ്യർ വിലയിരുത്തി. വ്യക്തിഗത ആനുകൂല്യ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കുന്നതിനുള്ള ആസൂത്രണ ഗ്രാമസഭകൾ അടിയന്തരമായി ചേരണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ത്രിതല ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി നടത്തുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തണം. പാസാക്കിയ പദ്ധതികളുടെ നിർവഹണം അടിയന്തരമായി നടപ്പാക്കണമെന്നും പ്രസിഡൻറ് പറഞ്ഞു. ജില്ല പഞ്ചായത്ത്, നഗരസഭകളായ പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം, ബ്ലോക്ക് പഞ്ചായത്തുകളായ പുളിക്കീഴ്, പറക്കോട്, മല്ലപ്പള്ളി, ഇലന്തൂർ, റാന്നി, പന്തളം, കോയിപ്രം, കോന്നി, ഗ്രാമപഞ്ചായത്തുകളായ മൈലപ്ര, വടശ്ശേരിക്കര, കവിയൂർ, കല്ലൂപ്പാറ, ആറന്മുള, ചിറ്റാർ, ഏഴംകുളം, പന്തളം തെക്കേക്കര, കോഴഞ്ചേരി, മല്ലപ്പള്ളി, തണ്ണിത്തോട്, തുമ്പമൺ, മെഴുവേലി, മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി, റാന്നി പെരിനാട്, റാന്നി അങ്ങാടി, ഓമല്ലൂർ, ഇരവിപേരൂർ, ചെന്നീർക്കര, കുളനട, വള്ളിക്കോട്, ചെറുകോൽ, ഇലന്തൂർ, നാരങ്ങാനം, അയിരൂർ, എഴുമറ്റൂർ, കോയിപ്രം, അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, പ്രമാടം, ആനിക്കാട്, കൊറ്റനാട്, കോട്ടാങ്ങൽ, കുന്നന്താനം, ഏറത്ത്, കലഞ്ഞൂർ, കൊടുമൺ, പള്ളിക്കൽ, കടപ്ര, കുറ്റൂർ, നിരണം, നെടുമ്പ്രം, പെരിങ്ങര, നാറാണാംമൂഴി, റാന്നി, റാന്നി പഴവങ്ങാടി, സീതത്തോട്, വെച്ചൂച്ചിറ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്കാണ് അംഗീകാരം നൽകിയത്. ജില്ല പ്ലാനിങ് ഓഫിസർ സാബു. സി. മാത്യു, അസിസ്റ്റന്‍റ് പ്ലാനിങ് ഓഫിസർ ജി. ഉല്ലാസ്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.