അടൂർ: 12കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. അടൂർ ആനന്ദപ്പള്ളി കോത്തല മുരുപ്പേൽ പടിഞ്ഞാറ്റേതിൽ കുരമ്പാല കടക്കാട് തെക്കേ തെരുവ് മത്തായി വീട്ടിൽ അൻസാരിയെയാണ് (48) ശിക്ഷിച്ചത്.അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീറാണ് വിധി പ്രഖ്യാപിച്ചത്. 2022 മേയ് 27നാണ് കേസിനാസ്പദമായ സംഭവം. റൂഫിങ് പണിക്കിടയിൽ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് അടുക്കളയിലെത്തിയ പ്രതി വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ മാജിക്ക് കാണിക്കാം എന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു.
ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും പോക്സോ നിയമ പ്രകാരവും പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരവും അടൂർ പൊലീസ് ചാർജ് ചെയ്ത കേസിൽ വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാതിരുന്നാൽ 22 മാസംകൂടി അധിക കഠിനതടവ് അനുഭവിക്കണമെന്നും അല്ലെങ്കിൽ ഒരുലക്ഷം രൂപ കുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്.
പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള കുറ്റകൃത്യംകൂടി നടന്നതിനാൽ അടൂർ ഡിവൈ.എസ്.പിയായിരുന്ന ആർ. ബിനുവാണ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ ഹാജരാക്കുകയും ചെയ്തു.
വിവിധ വകുപ്പുകളിലായി 14 വർഷം ശിക്ഷയുണ്ടെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ അഞ്ച് വർഷം കഠിനതടവ് ഒന്നിച്ചനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.