പത്തനംതിട്ട: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. രോഗാണു വാഹകരായ എലി, അണ്ണാന്, പശു, ആട്, നായ് എന്നിവയുടെ മൂത്രം, വിസര്‍ജ്യം എന്നിവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കാണ് എലിപ്പനി പകരുന്നത്.
തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ, കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു ശരീരത്തില്‍ പ്രവേശിക്കാം. പനി, തലവേദന, കാല്‍വണ്ണയിലെ പേശികളില്‍ വേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറം എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കണം.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണെന്നും ഒരു കാരണവശാലും സ്വയം ചികിത്സക്ക് മുതിരരുതെന്നും ഡി.എം.ഒ അറിയിച്ചു.
കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവര്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍ തുടങ്ങി രോഗസാധ്യത കൂടിയവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണം.ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.