പത്തനംതിട്ട: ജില്ല ആസ്ഥാനത്ത് മാലിന്യം നിറയുന്നു. പത്തനംതിട്ട നഗരസഭ പ്രദേശത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. നഗരസഭ എട്ട്, 10 വാർഡുകളിൽ നിരവധി പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളോട് ചേർന്നുള്ള ഓടകൾ മാലിന്യം നിറഞ്ഞ് കിടക്കയാണ്. മിക്ക ഉപറോഡുകളും വൃത്തിഹീനമാണ്. റോഡുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം ചീഞ്ഞളിയാനും തുടങ്ങിയിട്ടുണ്ട്. കണ്ണങ്കര തോടുനിറയെ മാലിന്യം കെട്ടിക്കിടക്കുകയാണ്.
ശൗചാലയ മാലിന്യംപോലും തോട്ടിലേക്ക് ഒഴുക്കുന്നുണ്ട്. വാർഡുകളിലെ സാനിറ്റേഷൻ കമ്മിറ്റികൾ പ്രഹസനമാണെന്നും പരാതിയുണ്ട്. ആശാവർക്കർമാർ ഇടക്കിടെ വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തുന്നതൊഴിച്ചാൽ മറ്റ് കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല. നഗരത്തിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ മാലിന്യ സംസ്കരണത്തിനായി സ്വന്തം സംവിധാനമില്ല. ഇവിടങ്ങളിൽ റോഡിലേക്കാണ് മാലിന്യം തള്ളുന്നത്. നഗരത്തിൽ പലയിടത്തും റോഡിനോട് ചേർന്ന് സ്വകാര്യ വസ്തുക്കളിൽ കാടുകൾ വളർന്ന് നിൽക്കുന്നത് മാലിന്യം തള്ളുന്നതിന് ഇടയാക്കുന്നു.
അടൂർ: നഗരസഭ പത്താം വാർഡിൽപെട്ട പന്നിവിഴ ചിറവയൽ ഏലായിലേക്ക് മാലിന്യം ഒഴുകിയെത്തുന്നു. അടൂർ-തട്ട-പത്തനംതിട്ട റോഡരുകിൽ തള്ളുന്ന മാലിന്യമാണ് മഴ പെയ്തതോടെ ചെറിയ തോട്ടിലൂടെ ഒഴുകി ഏലായിൽ എത്തുന്നത്. ഏലാ ഇപ്പോൾ കൃഷിയില്ലാതെ കിടക്കുകയാണ്. പ്ലാസ്റ്റിക് ചാക്കിലും കവറുകളിലും കെട്ടിയാണ് റോഡരുകിൽ മാലിന്യം തള്ളുന്നത്. കൂടാതെ കടകളിൽനിന്ന് തള്ളുന്ന പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ശീതളപാനീയ കവറുകൾ, പാൽ കവറുകൾ എന്നിവയാണ് ഇവിടെ കിടക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ കൂടുതലായി വയലിൽ കിടപ്പുണ്ട്.
കരിക്കിന്റെ തൊണ്ടും തള്ളുന്നുണ്ട്. വഴിയോര കച്ചവടക്കാർ ചാക്കിൽ കെട്ടി മാലിന്യം റോഡരുകിലാണ് തള്ളുന്നത്. ഇവ വെള്ളത്തിൽ കിടന്ന് അഴുകി ദുർഗന്ധം വമിക്കുകയാണ്. മൂക്ക് പൊത്താതെ ഇതുവഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. വെള്ളത്തിലിറങ്ങുന്നവർക്ക് കാലിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലമായതോടെ മാലിന്യം ഒഴുകിയിറങ്ങുന്ന കൈത്തോടും മലീമസമാകുന്നു. തോട്ടിലെ വെള്ളത്തിന് മുകളിൽ കറുത്ത പാടകണക്കെ കെട്ടിക്കിടക്കുകയാണ്.ഇവിടെ നിന്നുള്ള ദുർഗന്ധം മൂലം സമീപവാസികളും ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.