പത്തനംതിട്ട: കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) റവന്യു റിക്കവറിയായി 65.60 കോടി രൂപ പിരിച്ചെടുത്ത് ജില്ല. 2021-22 സാമ്പത്തിക വര്‍ഷത്തിൽ 21.06 കോടി രൂപ മാത്രമായിരുന്നു റവന്യു റിക്കവറി. താലൂക്ക്തലത്തില്‍ 15.81 കോടി രൂപ പിരിച്ച് ഏറ്റവും കൂടുതല്‍ റവന്യൂ റിക്കവറി പിരിവ് നേട്ടം കൈവരിച്ച അടൂര്‍ താലൂക്കിനും 10.01 കോടി രൂപ പിരിച്ച് രണ്ടാം സ്ഥാനം നേടിയ കോന്നി ആര് ആര് ഓഫീസ് പത്തനംതിട്ടക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും കലക്ടർ നല്കി.
വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാർ റവന്യൂ റിക്കവറിക്കായി വൻ സമ്മർദ്ദം സൃഷ്ടിച്ച സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിതമായി രംഗത്തിറങ്ങി തുക പിരിച്ചെടുത്തത്. ഖജനാവിൽ പണമില്ലാതെ ബുദ്ധിമുട്ടുന്ന സർക്കാർ ഇത്തരം കാര്യങ്ങൾക്ക് താങ്ങാവുന്നതിലധികം സമ്മർദ്ദം സൃഷ്ടിക്കുന്നതായി ജീവനക്കാർ വ്യക്തമാക്കുന്നു. തഹസിൽദാർ, വില്ലേജ് ഓഫീസർമാരാണ് കൂടുതൽ ബുദ്ധിമുട്ടിയതെന്ന് പ്രതിപക്ഷ സർവീസ് സംഘടനകളും പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം താലൂക്ക് തലത്തില്‍ അടൂരാണ് 15.81 കോടി രൂപ പിരിച്ച് മുന്നിലെത്തിയത്. 10.01 കോടി രൂപ പിരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയത് പത്തനംതിട്ട ആര്.ആര് ഓഫിസാണ്. വില്ലേജ് തലത്തിൽ മൂന്നു കോടിരൂപ പിരിച്ച് അടൂര്‍ വില്ലേജും മുന്നിലെത്തി. ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റം കാരണം പൊതുജന സേവനത്തില്‍ ഒരു ദിവസം പോലും ഭംഗം വരാന്‍ പാടില്ലെന്ന് കലക്ടര്‍ ഡോ. ദിവ്യ പറഞ്ഞു. തസ്തികയില്‍നിന്നു മാറി പോകുന്ന ഉദ്യോഗസ്ഥര്‍ ആര്‍ജിച്ച അനുഭവങ്ങളും അറിവും അര്‍പ്പണ ബോധവും തുടര്‍ന്ന് വരുന്ന ഉദ്യോഗസ്ഥര്‍ക്കും കൈമാറാന്‍ സാധിക്കണം.
മാറി വരുന്ന ഉദ്യോഗസ്ഥര്‍ സ്വയം പഠിച്ചെടുക്കട്ടെ എന്നു കരുതരുത്. ജില്ലയിലെ റവന്യു പിരിവിൽ തുടര്‍ന്നും ഇതേ രീതിയില്‍ മുന്നോട്ട് പോകണം. മൂന്ന് മുതല്‍ നാല് ഇരട്ടി വര്‍ധനവ് ഉണ്ടായ താലൂക്കുകള്‍ ഉണ്ട്.കൃത്യമായി നടന്ന റിവ്യൂ മീറ്റീങ്ങുകള്‍, ഫീല്‍ഡ് തല പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കണ്ടെത്താനായത്, ബാങ്കുകളുടെ സഹകരണം എന്നിവയാണ് വര്‍ധനവ് ഉണ്ടാകാന്‍ സഹായിച്ചതെന്ന് കലക്ടര്‍ പറഞ്ഞു.
ചടങ്ങിൽ എ.ഡി.എം ബി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ സിറിയക് തോമസ്, കേരള ബാങ്ക് സീനിയര്‍ മാനേജര്‍ സേതു കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ഡെപ്യൂട്ടി കലക്ടര്‍മാരായ ജേക്കബ്. ടി. ജോര്‍ജ്, ബി. ജ്യോതി, ആര്. രാജലക്ഷ്മി, ജില്ലാ ലോഓഫിസര് കെ.എസ്.ശ്രീകേഷ്, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ് ഹനീഫ്, അടൂര്‍ ആര്.ഡി.ഒ എ. തുളസീധരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.