കോഴഞ്ചേരി: ഈമാസം 11 മുതല്‍ 18 വരെ നടക്കുന്ന മാരാമണ്‍ കൺവെന്‍ഷന്റെ ഒരുക്കം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഒരുക്കങ്ങള്‍ വിലയിരുത്താൻ മാര്‍ത്തോമ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കൺവെന്ഷന് മുന്നോടിയായ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. സംഘാടകസമിതിയുടെ മേല്‍നോട്ടത്തില്‍ നഗറില്‍ സി.സി ടി.വി കാമറ സ്ഥാപിച്ചിട്ടുട്ടുണ്ട്. ക്രമീകരണങ്ങളും സുരക്ഷസന്നാഹങ്ങളും പ്രത്യേക സംഘം നേരിട്ടു പരിശോധിച്ചു.
ക്രമസമാധാന പാലനം, സുരക്ഷ, പാര്‍ക്കിങ്, ഗതാഗതം എന്നിവ സംബന്ധിച്ച ക്രമീകരങ്ങള്‍ പൊലീസ് വകുപ്പ് സജ്ജമാക്കും. കോഴഞ്ചേരിയിലും നെടുംപ്രയാറിലും കൺട്രോള് റൂം സജ്ജമാണ്. തീർഥാടകരും പൊതുജനങ്ങളും സമീപമുള്ള ആറ്റുതീരങ്ങളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് നിരോധിച്ചു. ഇത്തരം മേഖലകളില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചു.
കൺവെന്ഷന് നഗറില്‍ ആംബുലന്‍സ് സൗകര്യത്തോടുകൂടി മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കണം. അധിക ആംബുലന്‍സ് സേവനം അവശ്യഘട്ടങ്ങളില്‍ ലഭ്യമാക്കും.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ യൂനിറ്റിന്റെയും സ്കൂബ ടീമിന്റെയും സേവനം ലഭ്യമാക്കും. കോഴഞ്ചേരി ജില്ല ആശുപത്രിയും സമീപമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തനസമയം ക്രമീകരിച്ച് സജ്ജമാക്കും. കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ മണിക്കൂറില്‍ 1000 ലിറ്റര്‍ ശേഷിയുള്ള രണ്ട് ആര്.ഒ യൂനിറ്റും താൽക്കാലിക ടാപ്പുകളും അടക്കമുള്ള ക്രമീകരണങ്ങള്‍ വാട്ടര്‍ അതോറിറ്റി സജ്ജീകരിക്കും. കൺവെന്ഷന് നഗറിലും സമീപങ്ങളിലും വൈദ്യുതി വിതരണം ഉറപ്പാക്കണം.
തകരാറിലായ തെരുവുവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നന്നാക്കാനുള്ള നടപടി കെ.എസ്.ഇ.ബി സ്വീകരിക്കും. മദ്യവിൽപന, നിരോധിത ലഹരിവസ്തുക്കളുടെ വിൽപന തുടങ്ങിയവ തടയാനുള്ള നടപടികള്‍ എക്സൈസ് വകുപ്പ് നടത്തിവരുന്നു.
പത്തനംതിട്ട, ചെങ്ങന്നൂര്‍, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂര്‍ സ്റ്റേഷനുകളില്‍നിന്ന് അധിക സര്‍വിസുകള്‍ കെ.എസ്.ആർ.ടി.സി നടത്തും.
കോഴഞ്ചേരി വലിയപാലത്തിന്റെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി. കലക്ടര്‍ എ. ഷിബു, അഡീഷനല്‍ പൊലീസ് സൂപ്രണ്ടന്റ് പ്രദീപ്കുമാര്‍, അടൂര്‍ ആർ.ഡി.ഒ ജയമോഹന്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ജില്ല പഞ്ചായത്ത് അംഗം സാറ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, പഞ്ചായത്ത് പ്രസിഡന്റുമാരായ റോയ് ഫിലിപ്, എ.എസ്. ബിനോയ്, മിനി ജിജോ ജോസഫ്, ഷീജ ടി. ടോജി, മലബാര്‍ മാര്‍ത്തോമ സിറിയന്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന് ജനറല്‍ സെക്രട്ടറി എബി കെ. ജോഷ്വ, ഫാ. ജിജി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.