പത്തനംതിട്ട: പടയണി പഠനത്തിനായി കടമ്മനിട്ടയിൽ നിർമാണം തുടങ്ങിയ കലാഗ്രാമത്തിന് അവഗണന. മധ്യ തിരുവിതാംകൂറിലെ അനുഷ്ഠാന കലാരൂപമായ പടയണി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) അനാസ്ഥയെ തുടർന്ന് പാതിവഴിയിൽ മുടങ്ങി.
2009ൽ തറക്കല്ലിട്ട 4.50 കോടിയുടെ പടയണി ഗ്രാമം പദ്ധതി 11 വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാനായില്ല. നാലു ഘട്ടമായി തീരേണ്ട പദ്ധതി മൂന്നാം ഘട്ടമായപ്പോൾ കരാറുകാരന് 36 ലക്ഷം കുടിശ്ശിക വരുത്തി. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടത്തേണ്ട 1.26 കോടിയുടെ പണിയാണ് ബാക്കി. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് നിർമാണ ചുമതല. പ്രദേശവാസികൾ സൗജന്യമായി നൽകിയ സ്ഥലം ഉൾപ്പെടെ മൂന്ന് ഏക്കറിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഒന്നാം ഘട്ടമായി 34 ലക്ഷം ചെലവിട്ട് അലങ്കാരഗോപുരവും മണ്ഡപവും പണിതു. പടയണിക്കളരിയും ശുചിമുറികളും വൈദ്യുതീകരണ ജോലികളുമായിരുന്നു രണ്ടാം ഘട്ടത്തിൽ, ചെലവ് 45 ലക്ഷം.
പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഗസ്റ്റ്ഹൗസിന്റെ മേൽക്കൂര നിറം മങ്ങി നശിക്കുന്നു. മുള കൊണ്ടുള്ള തൂണുകൾ സംരക്ഷണമില്ലാതെ ജീർണതയിലാണ്. ഗസ്റ്റ് ഹൗസിന്റെ തിണ്ണകളിൽ തെരുവ് നായ്ക്കൾ കുഞ്ഞുങ്ങളുമായി വിഹരിക്കുന്നു. പടയണി ഗ്രാമത്തിനായുളള സ്ഥലമാകെ പാഴ്ച്ചെടികൾ പടർന്നു. ഇഴജന്തുക്കൾ ഇഷ്ടംപോലെയുണ്ട്. പടയണി മ്യൂസിയത്തിന്റെ പണി പാതിയിൽ നിലച്ചു. നാലാംഘട്ടത്തിലുള്ളത് ഗവേഷണ കേന്ദ്രവും ഒാപൺ എയർ തിയേറ്ററും ഡോക്യുമെന്റേഷൻ ജോലികളും. നാട് സ്വപ്നംകണ്ട പടയണി ഗ്രാമത്തിന്റെ ഗോപുരവാതിൽ തുറക്കുന്നത് കാത്തിരിപ്പാണ് കലാകാരൻമാരും നാട്ടുകാരും.
11 വർഷമായിട്ടും പണി പൂർത്തിയാകാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണെന്ന് പടയണി ഗ്രാമം ഏകോപന സമിതി പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് കുറ്റപ്പെടുത്തി. ഉത്തരവാദികൾ ഡി.ടി.പി.സിയും അവർ ചുമതലപ്പെടുത്തിയവരുമാണ്. പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.