കുരുമ്പൻമൂഴിയിൽ ഉരുൾപൊട്ടലിൽ ഉണ്ടായ നാശനഷ്ടങ്ങൾ

കുരുമ്പൻമൂഴിയിൽ കനത്ത മഴയിൽ വീണ്ടും ഉരുൾപൊട്ടി; വ്യാപക നാശനഷ്ടം

റാന്നി: ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ റാന്നി കുരുമ്പന്‍മൂഴി മണക്കയം കോളനിയില്‍ വീണ്ടും ഉരുള്‍പൊട്ടി കനത്ത നാശനഷ്ടം. മേഖലയിൽ നടക്കുന്ന തുടർച്ചയായ മൂന്നാം തവണത്തെ ഉരുള്‍പൊട്ടലാണിത്​. പ്രദേശവാസികളായ അഞ്ചു കുടുംബങ്ങളെ മാറ്റി പാര്‍പ്പിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉരുള്‍ പൊട്ടിയത് വനത്തിനുള്ളിലാവുമെന്നാണ് നിഗമനം. പ്രഭവസ്ഥലം കണ്ടെത്താനായിട്ടില്ല.

ഏക്കര്‍ കണക്കിനു കൃഷി ഭൂമി വ്യാപകമായി നശിച്ചിരിക്കുകയാണ്​. ആഞ്ഞിലിമൂട്ടില്‍ പൊന്നന്‍റെ ഒരേക്കര്‍ കൃഷി ഭൂമി ഒഴുകിവന്ന ഉരുളന്‍ കല്ലുകള്‍ നിറഞ്ഞു നാശമായി. വീടുകൾക്ക്​ ചുറ്റം തോട്​ ദിശമാറിയൊഴുകി തുരുത്തായി മാറിയിട്ടുണ്ട്​. പ്ലാക്കുഴിയില്‍ ഷാജിയുടെ 30സെന്‍റ് വസ്തു ഉരുൾപൊട്ടലിൽ ഇല്ലാതായി. അവിടെയുണ്ടായിരുന്ന കമുക്, തെങ്ങ്, കുരുമുളകു ചെടികള്‍, കൊക്കോ എന്നിവയെല്ലാം നശിച്ചു. സ്ഥലം പാറക്കല്ലു നിറഞ്ഞ തോടായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്​. വസ്തുവിന്‍റെ അതിര്​ തീര്‍ത്തിരുന്ന തോടിനരികിലെ കരിങ്കല്‍ കെട്ടും തകർന്നു.

പുത്തന്‍പുരയ്ക്കല്‍ ചാര്‍ളിയുടെ ഭൂമിയിലെ മണ്ണ്​ ഒലിച്ചുപോയി അവിടം വേരറ്റ മരങ്ങളും ഉരുളന്‍ കല്ലുകളും മാത്രം നിറഞ്ഞ നിലയിലാണ്​. സമീപത്തുള്ള തോടിനു ചെറിയ നദിയുടെ വീതിയായി മാറി. കൃഷി ഭൂമികളിലൂടെ പുതിയ തോടുകള്‍ ചാലുകീറി ഒഴുകുകയാണ്​. ഇവിടുത്തെ അഞ്ച്​ വീട്ടുകാരുടെ കൃഷി ഭൂമി പൂര്‍ണ്ണമായും വാസയോഗ്യമല്ലാതായി മാറി. രാജാമ്പാറ വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഇരുട്ടുകുഴി തോട്, പനംകുടന്ത അരുവിയില്‍ നിന്നെത്തുന്ന പടിവാതുക്കല്‍ തോട്​ എന്നിവ മാത്രമുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ നാലോ അഞ്ചോ തോടുകളാണ്​ രൂപപ്പെട്ടിരിക്കുന്നത്​.


തോടുകളള്‍ ദിശമാറി ഒഴുകിയതോടെ കൃഷി ഭൂമി പാറക്കല്ലുകള്‍ നിറഞ്ഞ ചെറു തുരുത്തുകളായി തീര്‍ന്നു. പത്തടിയോളം ഉയരത്തിലാണ് രാത്രിയില്‍ വെള്ളമെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പടിവാതുക്കല്‍ തോട്ടില്‍ നിന്നാണ് വെള്ളവും കല്ലുകളും ഒഴുകിയെത്തിയത്. തോട്ടില്‍ നിന്നും മറു കരയെത്താന്‍ അഞ്ചു വീട്ടുകാര്‍ക്കുണ്ടായിരുന്ന ചെറിയ പാലം കഴിഞ്ഞ ഒക്ടോബര്‍ 22നുണ്ടായ ആദ്യ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയിരുന്നു. അന്ന്​ വളരെ സാഹസികമായിട്ടാണ് ഇവിടെ താമസിച്ചിരുന്ന അഞ്ചു കുടുംബങ്ങളിലെ ഇരുപത്തിയൊന്നോളം പേരെ രക്ഷപെടുത്തിയത്.

ക്രോസ്​ വേ മുങ്ങുകയും വനത്തില്‍ മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തതോടെ അഗ്നിശമന സേനയും എന്‍.ഡി.ആര്‍.എഫും നടന്നെത്തിയാണ് അന്ന്​ രക്ഷാപ്രവര്‍ത്തനം നടത്തിയത്. അന്ന്​ മാറ്റി പാര്‍പ്പിച്ചതു മൂലമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഉരുള്‍പൊട്ടലില്‍ നിന്നും അവർ രക്ഷപ്പെട്ടത്​. മുന്‍കരുതല്‍ എന്ന നിലയില്‍ പ്രദേശത്തു നിന്നു ജനങ്ങളെ ഒഴുപ്പിച്ചത് ദുരന്തം ഇല്ലാതാക്കി. നേരത്തെ രണ്ടുതവണ ഉരുള്‍പൊട്ടി നാശനഷ്ടങ്ങളുണ്ടായ പനംകുടന്ത അരുവിക്കു സമീപത്തെ പടിവാതുക്കല്‍ അരുവിയിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്.

ആശങ്കാകുലരായ പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മൂന്നു വശം വനത്താലും ഒരു വശം പമ്പാനദിയാലും അതിരുകള്‍ തീര്‍ക്കുന്ന കുരുമ്പന്‍മൂഴി, മണക്കയം ആദിവാസി കോളനിയിലെ ജനങ്ങള്‍ ഒക്ടോബര്‍ ഇരുപത്തിരണ്ടു മുതല്‍ കടുത്ത ദുരിതത്തിലാണ്.പമ്പാനദിയിലെ കുരുമ്പന്‍മൂഴി കോസ് വേയാണ് ഇവര്‍ക്കു പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗം.തുടരെ ഇതു വെള്ളത്തിലാകുന്നതോടെ ഇവര്‍ ഒറ്റപ്പെടുകയാണ്.

Tags:    
News Summary - Kurumbanmoozhy flood heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.