പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്ത് കടമ്മനിട്ട വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റ് പിടിച്ചെടുത്ത് യു.ഡി.എഫ്. 174 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി എം.ആർ. രമേശ് വിജയിച്ചത്. ആകെ 414 വോട്ടുകൾ രമേശിന് ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി അമ്പിളി ഹരിദാസിന് 240ഉം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.പി. കലേഷ്കുമാറിന് 170 വോട്ടും ലഭിച്ചു. വാർഡ് അംഗവും വൈസ് പ്രസിഡന്റുമായിരുന്ന പ്രകാശ്കുമാറിന്റെ മരണത്തെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. സ്വതന്ത്രനായാണ് പ്രകാശ്കുമാർ ഇവിടെ മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ തവണ 47 വോട്ട് മാത്രമാണ് യു.ഡി.എഫിന് ലഭിച്ചിരുന്നത്. നിലവിലെ കക്ഷിനില: എൽ.ഡി.എഫ്- 6, എൽ.ഡി.എഫ് സ്വതന്ത്രൻ- 1, യു.ഡി.എഫ്- 5, ബി.ജെ.പി- 2.
പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിലെ ഒൻപതാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി എം.ആര് രമേശിന്റെ വിജയം പിണറായി സര്‍ക്കാറിന്റെ ഭരണത്തോടുള്ള കടുത്ത അതൃപ്തിയാണ് കാണിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിന്റെ വോട്ട് വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പലയിടങ്ങളിലും പരീക്ഷിച്ച മായാജാലങ്ങള്‍ പത്തനംതിട്ടയില്‍ വിലപ്പോകില്ലെന്ന് ഡോ. തോമസ് ഐസക് മനസ്സിലാക്കുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭ്യാസങ്ങളുടെയും ചെപ്പടി വിദ്യകളുടെയും ആശാനായ ഐസക്കിന്റെ പ്രതീക്ഷകള്‍ മലർപ്പൊടിക്കാരന്റെ സ്വപ്നമായി മാത്രമേ കോണ്‍ഗ്രസ് കാണുന്നുള്ളൂവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച സമ്മതിദായകര്‍ക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ. ജാസിംകുട്ടി എന്നിവര്‍ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.