പത്തനംതിട്ട: മൈലപ്ര സര്‍വിസ് സഹകരണ സംഘത്തിലെ നിലവിലുള്ള അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി പിരിച്ചുവിടാൻ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നിരത്തിയ വാദങ്ങള്‍ തള്ളി പിരിച്ചുവിടപ്പെട്ട കമ്മിറ്റിയിലെ അംഗങ്ങള്‍. കമ്മിറ്റി പിരിച്ചുവിട്ട് ഉദ്യോഗസ്ഥര്‍ ഭരണമേറ്റതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണം. അഡ്വ. കെ.എ. മനോജ് കണ്‍വീനറും നഥാനിയേല്‍ റമ്പാന് (ഫാ. സാമു ജോര്‍ജ്), കെ. അനില്‍കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയാണ് നിലവിലുണ്ടായരുന്നത്. ക്രമക്കേടുകളേ തുടര്‍ന്ന് മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടാണ് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. പിന്നാലെ മൂന്നംഗ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെയും നിയോഗിച്ചു.
അംഗങ്ങള്‍ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന പേരിലാണ് കഴിഞ്ഞ ദിവസം സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ കമ്മിറ്റി പിരിച്ചുവിടുകയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തത്. കോഴഞ്ചരി താലൂക്ക് അസി. രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി പിരിച്ചുവിട്ടത്. പകരം ചുമതല കോഴഞ്ചേരി താലൂക്ക് അസി. രജിസ്ട്രാര്‍ വള്ളിക്കോട് യൂനിറ്റ് ഇന്‍സ്പെക്ടര്‍ക്കാണ്.
മുന്‍ സെക്രട്ടറിമാരെ വഴിവിട്ടു സഹായിച്ചു, സംഘത്തിന്റെ ഫാക്ടറി വാടകക്ക് കൊടുത്തില്ല, നിയമനടപടികളില്‍ വീഴ്ച വരുത്തി, കേസുകളില്‍ മുന്‍ സെക്രട്ടറിമാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു, ബോര്‍ഡ് തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിച്ചില്ല തുടങ്ങിയ ആരോപണങ്ങളാണ് കമ്മിറ്റി പിരിച്ചുവിട്ടുള്ള ഉത്തരവില്‍ പറയുന്നത്. എന്നാൽ, നിലവിലെ കമ്മിറ്റിയെ പുറത്താക്കാന്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ വാദഗതികള്‍ കള്ളമാണെന്ന് കണ്‍വീനര്‍ കെ.എ. മനോജും നഥാനിയേല്‍ റമ്പാനും പറഞ്ഞു. മേയ് 20നാണ് കമ്മിറ്റി ചുമതലയേറ്റത്. 2023 ആഗസ്റ്റ് 18 മുതല്‍ കഴിഞ്ഞ മേയ് 19 വരെ ഭരണം നടത്തിയിരുന്ന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച മിനിറ്റ്സ് ബുക്ക് പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. മുന്‍ ഭരണസമിതി തീരുമാനത്തിന് തുടര്‍ നടപടി സ്വീകരിക്കാന്‍ തടസ്സമായതും ഇക്കാരണത്താലാണെന്ന് മുന്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
മുന്‍ സെക്രട്ടറിമാരായ ജോഷ്വ മാത്യു, ഷാജി ജോര്‍ജ് എന്നിർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചില്ലെന്നത് വസ്തുതവിരുദ്ധമാണ്. ഷാജി ജോര്‍ജിനെ സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി മാര്‍ച്ച് അഞ്ചിനാണ് സസ്പെന്‍ഡ് ചെയ്തത്. അവരുടെ ഭരണം അവസാനിക്കുന്ന മേയ് 19 വരെ അച്ചടക്ക നടപടിയും സ്വീകരിച്ചില്ല. പുതിയ കമ്മിറ്റി വന്നതിനു ശേഷം കുറ്റപത്രവും കുറ്റാരോപണ പത്രികയും നല്കി.
ബാങ്കിന്റെ ഗോതമ്പ് ഫാക്ടറി പാട്ടത്തിന് നല്കാൻ ഡിപ്പാർട്മെന്റ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി പരസ്യം ചെയ്തിരുന്നു. എന്ത് തുടര്‍ നടപടികള്‍ ആ കമ്മിറ്റി സ്വീകരിച്ചു എന്നോ ലഭിച്ച അപേക്ഷകള്‍ എന്തു ചെയ്തുവെന്നോ അറിയില്ല. സഹകരണസംഘം അസി. രജിസ്ട്രാറുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ ഫീസ് അടച്ച് ചെല്ലാന്‍ സഹിതം തുടര്‍ നടപടികള്‍ ആരംഭിച്ചിരുന്നുവെന്നും കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.