പത്തനംതിട്ട: ഡ്രൈവർമാരുടെ കുറവ് ജില്ല ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം താളംതെറ്റിക്കുന്നു. ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടക്കുന്നതിനാൽ പല ജീവനക്കാരും കൃത്യസമയത്ത് ഡ്യൂട്ടിക്ക് എത്താത്തതും സർവീസുകളെ ബാധിക്കുന്നു.
ജീവനക്കാരില്ലാത്തതിനാൽ ശനിയാഴ്ച രാവിലെയുണ്ടായിരുന്ന അഞ്ച് സർവീസുകളാണ് മുടങ്ങിയത്. രാവിലെ 5.30നുള്ള ഹരിപ്പാട്-ആലപ്പുഴ സർവീസ്, 6.50ന്റെ വയ്യാറ്റുപ്പുഴ, 7.30ന്റെ ചെന്നീർക്കര ഐ.ടി.ഐ, എട്ട് മണിയുടെ മുണ്ടക്കയം, 8.05-ന്റെ കടമ്മനിട്ട-കോഴഞ്ചേരി സർവീസുകളാണ് മുടങ്ങിയത്.
ജില്ലയിലെ എല്ലാ ഡിപ്പോകളിലും ജീവനക്കാരുടെ കുറവ് അനുഭവിക്കുന്നുണ്ട്. മിക്ക പ്രാദേശിക റൂട്ടുകളിലും അടിയ്ക്കടി സർവീസുകൾ മുടങ്ങുന്നതായി നാട്ടുകാരും പറയുന്നു.
നാരങ്ങാനം-കോഴഞ്ചേരി ഭാഗത്തേയ്ക്ക് തുടർച്ചയായി സർവീസുകൾ മുടങ്ങുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന പല പ്രാദേശിക റൂട്ടുകളിലും യാത്രാ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ബദൽ മാർഗങ്ങൾ ഒന്നും ഇല്ലാത്ത ഇത്തരം സ്ഥലങ്ങളിലുള്ളവരുടെ അവസ്ഥ വളരെ പരിതാപകരമാണ്.
കളക്ഷനില്ലാത്ത സ്ഥലങ്ങളിലേക്കുള്ള സർവീസുകളും മറ്റ് ചെറിയ സർവീസുകളും മാത്രമാണ് മുടങ്ങുന്നതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ദീർഘദൂര സർവീസുകളും ചെയിൻ സർവീസുകളും കളക്ഷൻ കൂടുതലുള്ള സർവീസുകളും മുടക്കിയിട്ടില്ലെന്ന് അധികൃതർ പറയുന്നു.
നിലവിൽ പത്തനംതിട്ട ഡിപ്പോയിൽ 28 ഡ്രൈവർമാരുടെ കുറവാണുള്ളത്. ഡ്രൈവർമാരുടെ എണ്ണത്തിലുള്ള കുറവ് നിലവിൽ ജോലിയിലുള്ളവർക്ക് അമിത ജോലിഭാരത്തിനും ഇടയാക്കുന്നു. ജീവനക്കാരുടെ കുറവ് കൂടാതെ ബസുകളുടെ അറ്റകുറ്റപ്പണികളും സർവീസുകൾ മുടങ്ങുന്നതിന് കാരണമാകുന്നു.
ജീവനക്കാരുടെ കുറവ് സർവീസുകൾ വെട്ടിച്ചുരുക്കുന്നതിനും മുടങ്ങുന്നതിനും കാരണമാകുന്നത് ഡിപ്പോയെയും വലയ്ക്കുന്നു. മിക്ക ദിവസങ്ങളും സർവീസുകൾ മുടങ്ങുന്നുണ്ട്. കൂടുതലും പ്രാദേശിക റൂട്ടുകളിലെ സർവീസുകളാണ് മുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.