File Photo

പമ്പ തുറന്നു; സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം ഒഴുക്കി, മുൾമുനയിൽ ജില്ല

പത്തനംതിട്ട: ഇടവിട്ട്​ പെയ്യുന്ന ശക്തമായ മഴക്കൊപ്പം സംഭരണശേഷിയിൽ എത്തിയതോടെ പമ്പ അണക്കെട്ടും തുറന്നതോടെ ജില്ല ആശങ്കയുടെ മുൾമുനയിൽ. പമ്പയുടെ തീരങ്ങളിൽ​ വെള്ളം വീണ്ടും കയറി, പമ്പ ത്രിവേണി മുങ്ങി.

റാന്നി, കോഴഞ്ചേരി, ആറന്മുള, പന്തളം, കോന്നി, തിരുവല്ലയിലെ അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ വെള്ളം ഉയർന്നുനിൽക്കുകയാണ്​.

പമ്പാ ഡാം ഞായറാഴ്​ച ഉച്ചക്ക് ഒന്നരക്ക് തുറന്നുവിട്ടു. വൈകുന്നേര​േത്താടെ ആറു ഷട്ടറുകളും ഉയർത്തി.​ 60 സെൻറീ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുകിത്തുടങ്ങി.

കഴിഞ്ഞ ദിവസങ്ങളിൽ മണിയാർ, ആനത്തോട്, മൂഴിയാർ അണക്കെട്ടുകളും തുറന്നിരുന്നു. അള്ളുങ്കൽ ഡാമിൽ അഞ്ച്​ ഷട്ടറുകൾ മുഴുവനായും കാരിക്കയം ഡാമിൽ ഏഴു ഷട്ടറുകളിൽ രണ്ടെണ്ണം രണ്ടുമീറ്ററും തുറന്നുവിട്ടിരിക്കുകയാണ്. കിഴക്കൻ മേഖലയിലെ ചെറു തോടുകളും ചപ്പാത്തുകളും നിറഞ്ഞൊഴുകുകയാണ്.

രാത്രിയോടെ റാന്നിയിലും തിങ്കളാഴ്​ച ​ആറന്മുളയിലും തിരുവല്ലയിലും ഇതോടെ പമ്പയാറ്റിലെ വെള്ളം ഒരുമീറ്റർ ഉയർന്നു. ഇവിടങ്ങളി​െല താഴ്​ന്ന ​പ്രദേശങ്ങളിൽ കഴിഞ്ഞദിവസം തന്നെ വെള്ളം കയറിയിരുന്നു. അച്ചൻകോവിൽ, മണിമല, കക്കാട്ടാറുകൾ ജനങ്ങളിൽ ഭീതിവിതച്ച്​ കരകവിഞ്ഞ്​ ഒഴുകുകയാണ്​. മത്സ്യത്തൊഴിലാളികളെ ബോട്ടുകളുമായി തയാറാക്കി നിർത്തിയിരിക്കുന്നു.

വെള്ളംകയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന്​ ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃതവത്തിൽ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്​. പമ്പ അണക്കെട്ടി​െൻറ സംഭരണശേഷി 986.33 മീറ്ററാണ്. ഞായറാഴ്ച രാവിലെ ജലനിരപ്പ് 983.47 മീറ്റർ എത്തിയതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കന്നത്ത പേമാരി മൂലം ഒറ്റദിവസം കൊണ്ടാണ് ജലനിരപ്പുയർന്നത്.

പരിസര പ്രദേശങ്ങളിൽ നല്ല മഴയുണ്ടെങ്കിലും പമ്പ റിസർവോയറിനെയും കക്കി റിസർവോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറന്തള്ളുന്നതാണ് പമ്പാ ഡാമി​െൻറ ജലനിരപ്പ് സ്ഥിരമായി നിൽക്കാൻ കാരണം. ശബരിമല വനമേഖലയിൽ രാത്രിയും പകലും ശക്തമായ മഴയാണ്. ഇതിനിടെ തിരുവല്ലയിലെ താഴ്​ന്ന ​പ്രദേശങ്ങളിലും അപ്പർകുട്ടനാടും വെള്ളത്തി​െൻറ പിടിയിലായി കഴിഞ്ഞു. പന്തളം, കോന്നി, വടശ്ശേരിക്കര തുടങ്ങിയ പ്രദേശങ്ങളിലും ​പ്രളയത്തി​െൻറ പിടിയിലാണ്​. ലക്ഷക്കണക്കിന്​ രൂപയുടെ കൃഷിനാശം സംഭവിച്ചു കഴിഞ്ഞു. ഇതി​െൻറ കണക്കെടുപ്പ്​ വൈകും.

ജില്ലയിലുടനീളം ആരോഗ്യവകുപ്പ്, റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വകുപ്പുകളുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ ആരോഗ്യവകുപ്പി​െൻറ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരായിട്ടുള്ളവര്‍ക്ക് മുന്‍കരുതലായി ഡോക്‌സി സൈക്ലിന്‍ ഗുളിക നല്‍കിയിട്ടുണ്ട്. 

തീരത്ത്​ കനത്ത ജാഗ്രത

പത്തനംതിട്ട: പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കണമെന്നും അപകടസാധ്യതയുള്ള പക്ഷം ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രത്തില്‍ അറിയിക്കണമെന്നും കലക്​ടർ വ്യക്തമാക്കി. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ സുരക്ഷക്ക്​ മുന്നിട്ടിറങ്ങണം. ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍/നഗരസഭ സെക്രട്ടറി എന്നിവര്‍ ഉറപ്പുവരുത്തണം.

അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. ഇക്കാര്യം താലൂക്കി​െൻറ ചുമതലയുള്ള റെസ്‌പോണ്‍സിബിള്‍ ഓഫിസര്‍ (തിരുവല്ല സബ് കലക്ടര്‍, അടൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫിസര്‍, ഡെപ്യുട്ടി കലക്ടര്‍മാര്‍) ഉറപ്പുവരുത്തണം. 

Tags:    
News Summary - Pamba Dam Shutter Opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.