പത്തനംതിട്ട/പന്തളം: അനധികൃത നിർമാണം നടത്തി എന്ന പേരിൽ പന്തളം നഗരസഭയിലെ കെട്ടിടങ്ങളുടെ ലൈസൻസ് തടഞ്ഞുവെക്കരുതെന്ന് തദ്ദേശ മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു.
കെട്ടിട ലൈസൻസ് നഗരസഭ പുതുക്കി നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് പന്തളം വ്യാപാര വ്യവസായ ഏകോപന സമിതിയാണ് കഴിഞ്ഞദിവസം പ്രമാടത്ത് നടന്ന തദ്ദേശ അദാലത്തിൽ മന്ത്രിയെ കണ്ടത്. 2024 മാർച്ച് 31 വരെ കാലാവധി ഉണ്ടായിരുന്ന ട്രേഡ് ലൈസൻസുകൾ 2025 മാർച്ച് 31 വരെ കെട്ടിട ക്രമവത്കരണ നടപടികൾ പൂർത്തിയാക്കാമെന്ന വ്യവസ്ഥയിൽ പുതുക്കി നൽകണമെന്നാണ് മന്ത്രി നിർദേശിച്ചത്. പലിശരഹിതമായി സെപ്റ്റംബർ 30 വരെയും പുതുക്കി നൽകണം.
2014ലെ ക്രമവത്കരണ ചട്ടങ്ങൾ പ്രകാരം സമർപ്പിക്കുന്ന അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ സെക്രട്ടറിതലത്തിൽ പരിഹരിക്കപ്പെടാത്ത അപേക്ഷകൾ ജില്ലതലത്തിൽ പരിഗണിക്കും.
മുൻകാല പ്രാബല്യത്തോടെ നികുതി ആവശ്യപ്പെട്ടവർക്ക് ഡിമാൻഡ് നോട്ടീസ് തിയതി മുതൽ 30 ദിവസം മുമ്പു വരെയുള്ള പിഴ പലിശയും ഒഴിവാക്കി നൽകണം. ഒപ്പം കുടിശ്ശിക 12 ഗഡുക്കളായി അടക്കാവാൻ അവസരം നൽകണമെന്നും മന്ത്രി പറഞ്ഞു.
കെട്ടിട വിസ്തീർണം തെറ്റായി രേഖപ്പെടുത്തിയെന്ന പരാതികളിൽ നഗരസഭ പരാതിക്കാരന്റെ സാന്നിധ്യത്തിൽ വീണ്ടും അളവെടുക്കണമെന്നും അധിക നികുതി ഈടാക്കി എന്ന് ബോധ്യപ്പെട്ടാൽ ഭാവിയിലെ നികുതി തുകയിൽ കുറവ് ചെയ്ത് നൽകണമെന്നും മന്ത്രി നിർദേശിച്ചു. ഇതോടെ പന്തളം നഗരസഭയുമായി ബന്ധപ്പെട്ട സമാന സ്വഭാവമുള്ള 187 പരാതിയാണ് മന്ത്രിയുടെ നിർദേശങ്ങളോടെ തീർപ്പായത്.
പരാതിക്കാരുമായി മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, മറ്റ് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ എന്നിവർ ചർച്ച നടത്തി. വീണ്ടും വിവരശേഖരണം നടത്തേണ്ട കേസുകളിൽ സർക്കാർ ഉത്തരവ് നമ്പർ 77/2023/എൽ.എസ്.ജി.ഡി പ്രകാരം വിവരശേഖരണം നടത്തണമെന്നും പരാതികൾ ഉത്തരവ് പ്രകാരം നഗരസഭ വൈസ് ചെയർപേഴ്സൻ, സെക്രട്ടറി, മുനിസിപ്പൽ എൻജിനീയർ എന്നിവർ അടങ്ങുന്ന സമിതി തീർപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പന്തളം നഗരസഭയിലെ പരാതികൾ പരിശോധിച്ച് സർക്കാർതലത്തിൽ നടപടികൾ ആവശ്യമെങ്കിൽ ഒരുമാസത്തിനകം പദ്ധതി സമർപ്പിക്കാൻ പ്രിൻസിപ്പൽ ഡയറകടറെ മന്ത്രി എം.ബി. രാജേഷ് ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.