പന്തളം: ആതിരമല അപകടത്തിലാകുമെന്ന് സൂചന ലഭിച്ചപ്പോൾ മുന്നൊരുക്കം നടത്തിയ അധികൃതർ പക്ഷേ, മലയുടെ ഒരുഭാഗത്തെ മണ്ണ് ഇടിഞ്ഞു താഴ്ന്നിട്ടും തിരിഞ്ഞു നോക്കിയില്ല. രണ്ടുവർഷം മുമ്പ് സംസ്ഥാന ദുരന്തനിവാരണ വിഭാഗം അപകടാവസ്ഥയിലായ 32 മലകളിൽ ഉൾപ്പെടുത്തിയതാണ് കുരമ്പാല ആതിരമല.
മുമ്പ് ശക്തമായ മഴയിൽ അപായ സൂചന ലഭിച്ചതിനെ തുടർന്ന് കലക്ടർ ഉൾപ്പെടെ സ്ഥലത്തെത്തി ജനപ്രതിനിധികളും നാട്ടുകാരുമായി ചർച്ചകൾ നടത്തി നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരുന്നു. നഗരസഭ മുൻകൈയെടുത്ത് അനൗൺസ്മെൻറ് ഉൾപ്പെടെ നടത്തി.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഉണ്ടായ ശക്തമായ മഴയിൽ ആതിരമലയുടെ ഭാഗമായ പനിവേലിക്കുഴി-നെല്ലുക്കട്ടിൽ റോഡിന്റെ വലതുവശത്തെ മണ്ണാണ് ഇടിഞ്ഞത്. സംഭവമറിഞ്ഞ് നഗരസഭ കൗൺസിലർ അജിതാകുമാരി മാത്രമാണ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.
കൗൺസിലർ വില്ലേജ് ഓഫിസറെയും മറ്റും വിവരമറിയിച്ചെങ്കിലും ആരും എവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ആതിരമല കയറിയെത്തി സ്ഥിതികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരും എത്താത്തത് നാട്ടുകാർക്കിടയിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
മണ്ണുമാഫിയ ആതിരമലക്ക് സമീപത്തുനിന്ന് മണ്ണ് മാറ്റിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നഗരസഭ കൗൺസിലർ അജിതാകുമാരി പറഞ്ഞു. ആതിരമലക്ക് സമീപത്തുനിന്ന് മണ്ണ് മാഫിയ മണ്ണ് കടത്തുന്നതിനെതിരെ നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.